Wednesday, September 30, 2026

ആർഇസിപി കരാറിൽ നിന്ന് ഇന്ത്യ പിന്മാറി; ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമെന്ന് പ്രധാനമന്ത്രി

ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(ആർഇസിപി)ൽ ഇന്ത്യ ഒപ്പുവയ്ക്കില്ല. ബാങ്കോക്കിൽ ഇന്നലെ നടന്ന ആർ സി ഇ പി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കി. കർഷകർ, വ്യാപാരികൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ തുടങ്ങി ഇന്ത്യൻ ജനതയുടെ താത്പര്യങ്ങളെ സംബന്ധിച്ച് അനുകൂലമായ മറുപടിയല്ല ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും കരാറിൽ ഒപ്പിടാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നില്ലെന്നുമാണ് നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചത്. കരാർ അതിൻറെ യഥാർത്ഥ അന്തഃസത്തയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യയുടെ മുഖ്യ ആശങ്കകൾക്കു പരിഹാരം നിർദേശിക്കുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഭാവിയിൽ ഇന്ത്യൻ ആശങ്കകൾക്ക് പരിഹാരമുണ്ടായാൽ ഇന്ത്യ ഈ സഖ്യത്തിൽ ചേർന്നുകൂടായ്കയില്ല എന്നാണ് വിവരം.

അതേസമയം ചൈനയുൾപ്പടെ 15 രാജ്യങ്ങൾ കരാറുമായി മുന്നോട്ടുപോകും. സഖ്യമുണ്ടാകുന്നതായി ചൈനയടക്കം 15 രാജ്യങ്ങളുടെ ഭരണാധിപൻമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇതിനുള്ള കരാർ അടുത്ത ഫെബ്രുവരിയിലും സ്വതന്ത്ര വ്യാപാരകരാർ ജൂണിലുമാകും ഒപ്പുവയ്ക്കുക. ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയർത്തിയ ആശങ്കകൾ കരാർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ചില രാജ്യങ്ങൾ തയ്യാറാകാതെ വന്നതോടെയാണ് ഇന്ത്യ കരാറിൻറെ ഭാഗമാകേണ്ട എന്ന് തീരുമാനിച്ചത്.

അതേസമയം തയാറാകുമ്പോൾ ഇന്ത്യയ്ക്ക് കരാറിൻറെ ഭാഗമാകാമെന്ന് ചൈന വ്യക്തമാക്കി. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ഇന്ത്യയ്ക്ക് കരാറിൽ ഒപ്പിടാൻ സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയ്ക്ക് ഇനിയും ആർ സി ഇ പിയിൽ ചേരാനാകുമെന്നും വാതിൽ തുറന്നുകിടക്കുകയാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. ഇന്ത്യ ചേരാത്തതിനാൽ ആർ സി ഇ പി ഉദ്ദേശിച്ചത്ര വിജയകരമായില്ല.

ചൈനയുടെ പ്രത്യേക താത്പര്യത്തിലാണ് ഇന്ത്യഉൾപ്പെട്ട 16 രാജ്യ സഖ്യത്തിനു ശ്രമം നടന്നത്. ഇന്ത്യ ചേരില്ലെന്ന സൂചന മൂലം ചൈനീസ് പ്രസിഡൻറ് ഷി ചിൻപിംഗ് ഉച്ചകോടിക്ക് എത്തിയില്ല. പകരം ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ് ആണ് എത്തിയത്. കരാറിൽ ഇന്ത്യ കൂടെവേണമെന്ന് നിർബന്ധം പിടിക്കുന്നതും കരാറിന് മുൻകൈയെടുക്കുന്നതും ചൈനയാണ്. , ചൈനയുടെ കണ്ണിൽ ഏറ്റവും കൂടുതൽ ഇറക്കുമതി സാദ്ധ്യതയുള്ള രാജ്യമാണ് ഇന്ത്യ.

Related Articles

Latest Articles