ദില്ലി: ഭഗവദ് ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ഭരണഘടനയ്ക്ക് എൻ.ഡി.എയുടെ നേതൃത്വത്തിലുളള നരേന്ദ്രമോദി സർക്കാർ വളരെയധികം മൂല്യം നൽകുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
മോദി സർക്കാർ ബ്രിട്ടീഷ് കാലഘട്ടത്തിലെ നിരവധി നിയമങ്ങൾ റദ്ദാക്കി. മുത്തലാഖ് നിരോധനം, സ്ത്രീകളുടെ സുരക്ഷ, ബിനാമി സ്വത്ത് ഇടപാട് നിയമം തുടങ്ങിയ നിരവധി പുതിയ നിയമങ്ങൾ പാസാക്കിയതായും രവിശങ്കർ പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ ഇതിനോടകം ബ്രിട്ടീഷ് കാലഘട്ടത്തിലെ 1400 ലധികം പഴയതും പുതിയതുമായ നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ട്.രാജ്യത്തെ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കുന്ന ദശലക്ഷ കണക്കിന് നിയമ കേസുകൾ തീർപ്പാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികൾ വിപുലീകരിക്കും. ആർബിട്രേഷൻ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്വതന്ത്ര ബോഡി കൊണ്ടു വരാനും എൻഡിഎ സർക്കാർ ഉദ്ദേശിക്കുന്നു.
കൂടുതൽ കോടതി മുറികളോടെ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ മെച്ചപ്പെടുത്തുന്നതിനും ജഡ്ജിമാരെ നിയമിക്കുന്നതിനും നിയമന്ത്രാലയം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ നന്മയ്ക്കായി ധീരമായ തീരുമാനങ്ങൾ എടുത്ത് പ്രധാനമന്ത്രിയെ പ്രസാദ് പ്രശംസിച്ചു.

