Sunday, October 18, 2026

ഇന്ധനക്ഷാമത്തിൽ ഗത്യന്തരമില്ലാതെ വലയുന്ന ശ്രീലങ്ക‍യ്ക്ക് സഹായഹസ്തവുമായി ഇന്ത്യ: 40,000 മെട്രിക് ടൺ ഡീസൽ കൊളംബോയിലെത്തിച്ചു

കൊളംബോ: പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്‌ക്ക് വീണ്ടും സഹായഹസ്‌തവുമായി ഇന്ത്യ. വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ത്യ അയച്ച 40,000 മെട്രിക് ടൺ ഡീസലാണ് ഇന്ന് വൈകിട്ടോടെ കൊളംബോയിൽ എത്തിച്ചേര്‍ന്നത്.

ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കുന്ന 100 കോടി ഡോളര്‍ ധനസഹായത്തിന്‍റെ ഭാഗമായാണ് ഡീസല്‍ എത്തിച്ചത്. ഇന്ന് വൈകീട്ട് തന്നെ ശ്രീലങ്കയിലെ വിവിധ ഭാഗങ്ങളില്‍ ഈ ഡീസല്‍ വിതരണം ചെയ്യും. മാത്രമല്ല ഡീസൽ വാഹനങ്ങൾ അധികമുള്ള ശ്രീലങ്കയിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഇപ്പോൾ 40,000 മെട്രിക് ടൺ ഡീസൽ വിതരണം ചെയ്തത്.

അതേസമയം ലൈൻ ഓഫ് ക്രഡിറ്റിന്റെ ഭാഗമായി ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകുന്ന നാലാമത്തെ ഇന്ധന ശേഖരമാണിത്. കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ 2,00,000 മെട്രിക് ടൺ ഇന്ധനമാണ് ഇന്ത്യ നൽകിയത്. ഇന്ധനശേഖരം ഊർജ മന്ത്രി ഗാമിനി ലോകുഗെക്ക് കൈമാറിയതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.

മാത്രമല്ല ഇന്ധനക്ഷാമം മൂലം ശ്രീലങ്കയിലെ മിക്ക പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഓട്ടോ-ടാക്‌സികള്‍ ബസുകള്‍ എന്നിവ പോലും ഡീസല്‍ ക്ഷാമം മൂലം നിരത്തിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷത്തിലാണ്. ഇന്ത്യയില്‍ നിന്നെത്തിയ ഡീസല്‍ അല്‍പ ദിവസങ്ങളിലേക്ക് ആശ്വാസമാകുമെന്നാണ് ഇപ്പോൾ കരുതുന്നത്.

Related Articles

Latest Articles