ദില്ലി: കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലും ജീവിക്കുന്ന അഫ്ഗാനിലെ സാധാരണ ജനതയ്ക്ക് വീണ്ടും കൈത്താങ്ങാവാൻ ഇന്ത്യ. താലിബാൻ ഭരണത്തിൽ കൊടിയ ക്രൂരതകളാണ് ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ കൊടുംപട്ടിണിയും. ഇതോടെ വാഗ്ദാനം ചെയ്തതിൽ 2000 മെട്രിക് ടൺ ഗോതമ്പ് കൂടി ഇന്ത്യ കൈമാറി(India sends second convoy of 2000 MTs of wheat for Afghanistan). അമൃത് സർ, അട്ടാരി അതിർത്തി വഴി ഈ ട്രക്കുകൾ അഫ്ഗാനിലെ ജലാലാബാദിലെത്തും.
അഫ്ഗാൻ ജനതയോടുളള മാനുഷിക പരിഗണന വച്ച് 50,000 മെട്രിക് ടൺ ഗോതമ്പ് നൽകുമെന്ന് ഇന്ത്യ വാഗ്ദാനം നൽകിയിരുന്നു. കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയാണ് ആദ്യ ബാച്ച് ട്രക്കുകൾ അമൃത്സറിൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ മാസം അവസാനം 2500 മെട്രിക് ടൺ ഗോതമ്പാണ് ആദ്യഘട്ടത്തിൽ ഇന്ത്യ നൽകിയത്. 50 ട്രക്കുകളിലായിരുന്നു ഇന്ത്യ ഗോതമ്പ് കയറ്റി വിട്ടത്.
ഇതിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഗോതമ്പുമായി ട്രക്കുകൾ അയച്ചത്. പാകിസ്ഥാൻ വഴിയാണ് ട്രക്കുകൾ അഫ്ഗാനിസ്ഥാനിലെത്തുക. യുഎന്നിന്റെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഗോതമ്പ് അഫ്ഗാനിൽ വിതരണം ചെയ്യുക. അഫ്ഗാനിലെ ജനങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഏതാനും ആഴ്ചകൾക്കുളളിൽ 3.6 ടൺ മെഡിക്കൽ സാധനങ്ങളും അഞ്ച് ലക്ഷം കോവിഡ് പ്രതിരോധ വാക്‌സിനുകളും അഫ്ഗാനിസ്ഥാന് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

