Saturday, May 18, 2024
spot_img

ട്വന്റി 20 ലോകകപ്പിലെ പരാജയത്തിന് ഇന്ത്യയുടെ പ്രതികാരം; പാകിസ്ഥാനെ കടപുഴക്കിയെറിഞ്ഞ പ്രകടനം; നീലക്കടലായി ഗ്യാലറി; അവസാന ഓവറിൽ സിക്സർ പറത്തി പാക്കികളുടെ ചിറകരിഞ്ഞ ഹാർദ്ദിക്‌ പാണ്ഡ്യ മാൻ ഓഫ് ദി മാച്ച്; ടീം ഇന്ത്യക്ക് അഭിനന്ദന പ്രവാഹം; സ്വപ്‌നതുല്യമായ തുടക്കമെന്ന് അമിത് ഷാ

ദുബായ്: അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഉരുണ്ടുകൂടിയ സമ്മർദ്ദത്തെ അതിജീവിക്കുന്നതിൽ പാകിസ്ഥാൻ ഒരിക്കൽ കൂടി പരാജയപ്പെട്ടു. അവസാന ഓവർ എറിഞ്ഞ മുഹമ്മദ് നവാസിനെ സിക്സർ തൂക്കി മത്സരം സുന്ദരമായി അവസാനിപ്പിച്ച് പാക്പ്പടയെ ഗ്യാലറിയിലേക്ക് ബാറ്റുയർത്തി പറഞ്ഞുവിട്ട ഹാർദ്ദിക്ക് പാണ്ട്യയുടെ ശരീര ഭാഷയിലുണ്ട് ആ മധുര പ്രതികാരത്തിന്റെ ആവേശം. ഏഷ്യാ കപ്പിലെ ആവേശകരമായ മത്സരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്നലെ നേടിയത്. ആവേശം അലകടലായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഒരു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ എല്ലാ സമ്മർദ്ദവും ആവേശവുമുണ്ടായിരുന്ന മത്സരത്തിൽ ഗ്യാലറി മിക്കവാറും ഒരു നീലക്കടലായിരുന്നു. പാകിസ്ഥാൻ ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം നിര്‍ണ്ണായകമായി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരേ പോലെ മികവ് പുലര്‍ത്തിയാണ് ട്വന്‍്റി 20 ലോകകപ്പിലെ തോല്‍വിക്ക് ഇന്ത്യ പാകിസ്ഥാനോട് മധുര പ്രതികാരം വീട്ടിയത്.

ആദ്യ ഓവറില്‍ രാഹുല്‍ പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. നൂറാം മത്സരത്തിനിറങ്ങിയ വിരാട് കോഹ്ലിയും സമ്മര്‍ദ്ദം അതിജീവിച്ച്‌ ബാറ്റേന്തിയ രവീന്ദ്ര ജഡേജയും ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ചേസിംഗില്‍ ഇന്ത്യക്കായി ജയമൊരുക്കിയത്. കോഹ്ലി 34 പന്തില്‍ 35 റണ്‍സ് നേടി അടിത്തറ പാകി. തുടര്‍ന്ന് വന്ന ജഡേജയുടെ പരിചയ സമ്പത്തും പാണ്ഡ്യയുടെ ആക്രമണോത്സുകതയും ചേര്‍ന്നപ്പോള്‍ ഇന്ത്യ കാത്തിരുന്ന വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഒരിക്കൽ കൂടി ടീം ഇന്ത്യ അവരുടെ ഫിനിഷിങ് സ്‌കിൽ പുറത്തെടുത്തു. 29 പന്തില്‍ 35 റണ്‍സുമായി ജഡേജ പുറത്തായി. അവസാന ഓവര്‍ എറിഞ്ഞ മുഹമ്മദ് നവാസിനെ സിക്സറിന് തൂക്കിയാണ് പാണ്ഡ്യ മത്സരം അവസാനിപ്പിച്ചത്. പാണ്ഡ്യ 17 പന്തില്‍ 33 റണ്‍സ് നേടി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ 12 റണ്‍സും സൂര്യകുമാര്‍ യാദവ് 18 റണ്‍സും നേടി പുറത്തായി. ദിനേശ് കാര്‍ത്തിക്ക് 1 റണ്ണുമായി പുറത്താകാതെ നിന്നു.

ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ മേല്‍ക്കൈ നല്‍കിയത്. ഭുവനേശ്വര്‍ കുമാര്‍ 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. ഹര്‍ദ്ദിക് പാണ്ഡ്യക്ക് 3 വിക്കറ്റ് ലഭിച്ചപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 2 വിക്കറ്റും ആവേശ് ഖാന്‍ 1 വിക്കറ്റും നേടി. ആദ്യം പതറിയെങ്കിലും പിന്നീട് കരുതലോടെ ബാറ്റ് വീശിയ ഇന്ത്യ ഒടുവില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്‌ത്തുകയും 33 റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്ത ഹര്‍ദ്ദിക് പാണ്ഡ്യയാണ് മാന്‍ ഓഫ് ദ് മാച്ച്‌. ഇതോടെ ഏഷ്യ കപ്പിലെ കണക്കുകളിൽ ഇന്ത്യയുടെ മുൻ‌തൂക്കം തുടരുന്നു. കേന്ദ്ര മന്ത്രി അമിത് ഷാ അടക്കമുള്ളവർ ഇന്ത്യൻ ടീമിന്റെ ഏഷ്യാ കപ്പിലെ സ്വപ്‌നതുല്യമായ തുടക്കത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Latest Articles