Friday, May 17, 2024
spot_img

തുര്‍ക്കിക്ക് താങ്ങാവാൻ ഇന്ത്യ ;രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാന്‍ ഒരുങ്ങുന്നു,ദുരന്ത ബാധിത രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി

തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ ദുരിതം പേറുന്നവർക്കായി സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും വൈദ്യസഹായവുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാനാണ് തീരുമാനം. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ ഇതിനോടംകം 1200 ലധികം പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും ദുരന്ത ബാധിത രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രക്ഷാപ്രവര്‍ത്തകരെ അയയ്ക്കാന്‍ തീരുമാനമായത്. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകളും അവശ്യ ഉപകരണങ്ങളുമുള്‍പ്പെടെ 100 പേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അവശ്യ മരുന്നുകളുമായി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സംഘത്തിന്റെയും മെഡിക്കല്‍ ടീമുകളും തയ്യാറാണ്.

അതേസമയം ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന് ശേഷം ഏകദേശം 12 മണിക്കൂറിന് ശേഷം, വൈകുന്നേരത്തോടെയാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തര യോഗം ചേര്‍ന്ന് ഭൂകമ്പബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 4.15ഓടെയാണ് തുര്‍ക്കിയില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്.സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗാസിയാന്‍ടെപ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും ഭൂകമ്പം വന്‍ നാശം വിതച്ചു.

Related Articles

Latest Articles