Monday, May 6, 2024
spot_img

സിഡ്നി ടെസ്റ്റ്: ശുഭ്മാന്‍ ഗില്ലിന് കന്നി ഫിഫ്റ്റി, ഇന്ത്യ പൊരുതുന്നു

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 96 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (5) എന്നിവരാണ് ക്രീസിൽ. ഫിഫ്റ്റി നേടിയ ശുഭ്മാന്‍ ഗില്‍ (50) രോഹിത് ശര്‍മ (26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.

ഇന്ത്യന്‍ സ്‌കോര്‍ 70-ല്‍ നില്‍ക്കെ 26 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ജോഷ് ഹെയ്‌സല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഗില്‍ 101 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയടക്കം 50 റണ്‍സെടുത്ത് പുറത്തായി.

നേരത്തേ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 338 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വൻ സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ ഇന്ത്യ മികച്ച ബൗളിങിലൂടെ പിടിച്ചുകെട്ടി. സ്റ്റീവ് സ്മിത്ത് (131) ക്രീസിന്റെ ഒരു വശത്തു സെഞ്ച്വറിയുമായി പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ കളി തിരിച്ചുപിടിച്ചു. ഏറ്റവും അവസാനമാണ് സ്മിത്ത് കീഴടങ്ങിയത്. 226 ബോളില്‍16 ബൗണ്ടറികളുള്‍പ്പെട്ടതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. ഈ പരമ്പരയില്‍ ഒരു ഓസീസ് താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. മാത്രമല്ല 2017നു ശേഷം ഇന്ത്യക്കെതിരേ ടെസ്റ്റില്‍ സഞ്ച്വറി നേടിയ ആദ്യ ഓസീസ് താരം കൂടിയായി സ്മിത്ത് മാറി. ഇന്ത്യക്കെതിരേ അവസാനമായി ടെസ്റ്റ് സെഞ്ച്വറിയടിച്ചതും അദ്ദേഹം തന്നെയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, വില്‍ പ്യുകോസ്‌കി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Related Articles

Latest Articles