അഹമ്മദാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ 1000–ാമത്തെ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ജയം നേടിയത്. വെസ്റ്റിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 28 ഓവറുകൾക്കുള്ളിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹിത് (60) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഇന്ത്യ 28 ഓവറില്‍ തന്നെ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. 51 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. വിരാട് കോലി (നാലു പന്തിൽ എട്ട്), ഋഷഭ് പന്ത് (ഒൻപതു പന്തിൽ 11) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാർ യാദവ് (36 പന്തിൽ 34), അരങ്ങേറ്റ മത്സരം കളിച്ച ദീപക് ഹൂഡ (32 പന്തിൽ 26) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
നേരത്തെ വിൻഡീസ് 43.5 ഓവറിൽ 176ന് പുറത്താകുകയായിരുന്നു. ജേസൺ ഹോൾഡർ 57 റൺസും ഫാബിയൻ അലൻ 29 റൺസുമെടുത്തു. ഡാരൻ ബ്രാവോ 18 റൺസും നിക്കോളാസ് പൂരൻ 18 റൺസും ബ്രാൻഡൻ കിംഗ് 13 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി ചാഹലിനു നാലും വാഷിങ്ടണിനു മൂന്നും വിക്കറ്റുകള്‍ നേടി.

