ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ദിനത്തില്‍ ഇന്ത്യക്ക് എട്ടു റണ്‍സ് വിജയം. 251 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി.

അവസാന ഓവറില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. കൈയിലുണ്ടായിരുന്നത് രണ്ട് വിക്കറ്റും. എന്നാല്‍ മത്സരത്തില്‍ തന്റെ രണ്ടാം ഓവര്‍ മാത്രം എറിയാനെത്തിയ വിജയ് ശങ്കര്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. മികച്ച ഫോമിലായിരുന്ന സ്‌റ്റോയിന്‍സിനേയും നേരിട്ട രണ്ടാം പന്തില്‍ തന്നെ സാംബയേയും പുറത്താക്കി വിജയ് ശങ്കര്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. അവസാന ഓവറില്‍ ഓസീസിന് നേടാനായത് രണ്ട് റണ്‍സ് മാത്രം. ഇതോടെ അഞ്ച്‌ ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ഒപ്പം ഏകദിനത്തില്‍ 500 വിജയമെന്ന ചരിത്ര നേട്ടത്തിലും.

65 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സടിച്ച് ഓസീസ് പ്രതീക്ഷ അവസാന ഓവര്‍ വരെ നിലനിര്‍ത്തിയ മാര്‍ക്ക് സ്‌റ്റോയിന്‍സാണ് ടോപ്പ് സ്‌കോറര്‍. 59 പന്തില്‍ 48 റണ്‍സുമായി മികച്ച ഫോമില്‍ കളിക്കുകയായിരുന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ രവീന്ദ്ര ജഡേജ റണ്‍ ഔട്ടാക്കിയതും തന്റെ അവസാന സ്‌പെല്ലില്‍ ബുംറ വീഴ്ത്തിയ രണ്ടു വിക്കറ്റുകളുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായത്