ബാലാക്കോട് ആക്രമണത്തിന് സ്ഥിരീകരണം നല്‍കി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക ഫ്രാന്‍സെസ്ക മറീനോ

0

പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് തകർക്കപ്പെട്ടുവെന്നും തീവ്രവാദികൾ കൊല്ലപെട്ടുവെന്നും സ്ഥിരീകരിച്ച് ഇറ്റാലിയൻ മാധ്യമ പ്രവർത്തക ഫ്രാന്‍സെസ്ക മറീനോ രംഗത്ത്.

ഇന്ത്യൻ വ്യോമാക്രമണത്തിൽ നൂറ്റിയെഴുപതോളം തീവ്രവാദികൾ കൊല്ലപെട്ടുവെന്നും ആക്രമണം നടത്തിയതിന്റെ തെളിവുകൾ നശിപ്പിക്കാൻ പാകിസ്ഥാൻ പട്ടാളം പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും മറീനോ ഇന്ത്യ ടുഡെയോട് പറഞ്ഞു.ആക്രമണ ശേഷം ബാലാക്കോട്ടുണ്ടായ സംഭവവികാസങ്ങൾ താൻ ശ്രദ്ധാപൂർവം നിരീക്ഷിച്ചുവരികയായിരുന്നുവെന്നും സ്ഥലവാസികളിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചുവെന്നും അവർ പറഞ്ഞു.

ഇന്ത്യൻ വ്യോമാക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സമീപമുള്ള പാകിസ്ഥാൻ പട്ടാള ക്യാമ്പിൽ നിന്നും സൈനികർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഷിങ്കിയാരിയെന്ന സ്ഥലത്തുള്ള ഹര്‍ക്കത്തുള്‍ മുജാഹിദീന്‍
ക്യാമ്പില്‍ എത്തിക്കുകയും ചെയ്തു.പരിക്കേറ്റ ഭീകരവാദികള്‍ക്ക് പാകിസ്ഥാന്‍ പട്ടാള ഡോക്ടര്‍മാര്‍ ചികിത്സ നൽകിയതായും മറീനോ പറഞ്ഞു.ഏതാണ്ട് നാല്‍പ്പത്തിയഞ്ചോളം പേരെയാണ് ക്യാമ്പിലെത്തിച്ചത്.അതില്‍ ഇരുപതോളം പേര്‍ ചികിത്സക്കിടയില്‍ തന്നെ മരണമടഞ്ഞു.ഇവരുള്‍പ്പെടെയാണ് നൂറ്റിയെഴുപതോളം പേര്‍ ആക്രമണത്തില്‍ മരിച്ചത്.

കൊല്ലപ്പെട്ട ഭീകരവാദികളിൽ പതിനൊന്നോളം ട്രെയ്നർമാരും ഉള്ളതായി ഫ്രാന്‍സെസ്ക മറീനോ അറിയിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് ജെയ്‌ഷെ മുഹമ്മദ് സാമ്പത്തിക സഹായം ചെയ്യുന്നതായും അവർ പറഞ്ഞു.ആക്രമണം നടന്ന സ്‌ഥലം ഇപ്പോഴും പാകിസ്ഥാൻ പട്ടാളത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്.സ്ഥലത്തെത്തിയ പോലീസ് സംഘത്തെപ്പോലും അവിടേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലെന്നതായും മറീനോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here