Saturday, April 27, 2024
spot_img

ഇന്ത്യന്‍ ക്രിക്കറ്റ് ഇനി നാഡയ്ക്കു കീഴില്‍

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഉത്തേജക പരിശോധനയുടെ പരിധിയിലേക്ക് വരുന്നു. ക്രിക്കറ്റ് താരങ്ങളെ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) സമ്മതിച്ചു. വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പിനൊടുവിലാണ് ബോര്‍ഡ് ഈ പരിശോധനയ്ക്ക് വഴങ്ങിയത്.

വെള്ളിയാഴ്ച, നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാളും ദേശീയ സ്‌പോര്‍ട്സ് സെക്രട്ടറി രാധേശ്യാം ജുലാനിയയും ബി.സി.സി.ഐ. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം.

ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ നയങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിനും ബാധകമാണെന്ന വ്യവസ്ഥ ബി സി സി ഐ അംഗീകരിച്ചു. ഇതോടെ ബി സി സി ഐ യും ഒരു ദേശീയ സ്‌പോര്‍ട്സ് ഫെഡറേഷനായി മാറാനും വിവരാവകാശത്തിന്‍റെ കീഴില്‍ വരാനും സാധ്യത തെളിഞ്ഞു.

ഡോപ് കിറ്റുകളും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരും അന്താരാഷ്ട്ര നിലവാരമുള്ളവരായിരിക്കണമെന്ന് ബി സി സി ഐ. നിബന്ധന മുന്നോട്ടുവച്ചു. അത് നാഡ അംഗീകരിച്ചു. അതിനാവശ്യമായ ചെലവുകള്‍ ബി സി സി ഐ വഹിക്കണം. എന്നാല്‍ മറ്റ് സ്‌പോര്‍ട്സ് ഫെഡറേഷനുകള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമേ ബി സി സി ഐക്ക് അനുവദിക്കൂ. മത്സരം ഇല്ലാത്ത സമയത്ത് വര്‍ഷത്തില്‍ മൂന്നുതവണ ഓരോ താരങ്ങളും പരിശോധനയ്ക്ക് വിധേയമാകണം. ഇത് എപ്പോഴെന്ന് ഓരോരുത്തരും എഴുതിനല്‍കണം.

Related Articles

Latest Articles