ലോകത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ ഏതെന്ന് ചോദിച്ചാൽ അത് ഇന്ത്യയുടെ ബ്രഹ്മോസാണ്. വേഗത എറിയത് എന്ന് മാത്രമല്ല ഏക സൂപ്പർ സോണിക് ക്രൂയിസ് മിസൈലും ബ്രഹ്മോസ് തന്നെയാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലേക്ക് ബ്രഹ്മോസ് മിസൈലും എത്തിയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷമാണ് പ്രതിരോധ കയറ്റുമതിയെക്കുറിച്ച് ഇന്ത്യ കാര്യമായി ചിന്തിച്ചു തുടങ്ങിയത്. അതുവരെ പ്രതിരോധ ഉൽപ്പന്നങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു ഭാരതം. ഇടനിലക്കാരും വൻ കമ്മീഷനുകളും അഴിമതിയും എല്ലാം ഉൾപ്പെടെ ഭരിക്കുന്നവരുടെ അഴിമതി ചാകരയായിരുന്നു സത്യത്തിൽ ഓരോ പ്രതിരോധ ഇടപാടുകളും. പക്ഷെ മോദി വന്നതോടെ പ്രതിരോധ ഉൽപ്പാദനത്തിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചു. മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ രാജ്യത്തിൻറെ പ്രതിരോധ ഉൽപ്പാദനം വർധിപ്പിച്ചു. ഈ ഉൽപ്പാദന വർധനവാണ് രാജ്യത്തെ പ്രതിരോധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പ്രാപ്തമാക്കിയത് എന്ന് നിസ്സംശയം പറയാം കഴിഞ്ഞ വര്ഷം ഏതാണ്ട് 8500 കോടി രൂപയുടെ പ്രതിരോധകയറ്റുമതിയാണ് രാജ്യം നടത്തിയത്. പക്ഷെ അതൊക്കെ റൈഫിൾ, ഷെല്ലുകൾ, പാരച്ചൂട്ട് പോലുള്ള ചെറു ഉപകരണങ്ങളും സ്പെയർ പാർട്സുകളുമൊക്കെയായിരുന്നു. ആദ്യമായിട്ടാണ് ഒരു വലിയ ആയുധ ഇടപാട് ഇന്ത്യ നടത്തുന്നത്. ഫിലിപ്പീൻസ് ആണ് ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങുക. അവർ ബ്രഹ്മോസ് തിരിച്ചുവക്കുക ചൈനക്ക് നേരെയാകും. ചൈനയാണ് ഫിലിപ്പീൻസിന്റെ പ്രധാന സുരക്ഷാ ഭീഷണി.
3 ബാറ്ററി ബ്രഹ്മോസ് മിസൈലുകൾക്കാണ് ഫിലിപ്പീൻസ് ഓർഡർ നൽകിയിട്ടുള്ളത്. ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളാണ് ഉണ്ടാകുക. ഏതാണ്ട് 2800 കോടി രൂപയുടെ പ്രതിരോധ ഇടപാടാണിത്. റഷ്യയുടെ യൂക്കോസ് എന്ന മിസൈലിനെ അതിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തി ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചതാണ് ബ്രഹ്മോസ് മിസൈൽ. മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാമാണ് ഈ മിസൈലിന്റെ ആശയത്തിന് പിന്നിൽ. ഇന്ത്യയിലെ ബ്രഹ്മപുത്ര റഷ്യയിലെ മോസ്‌കോ എന്നീ നദികളുടെ പേര് സംയോജിപ്പിച്ചാണ് അബ്ദുൾകലാം ബ്രഹ്മോസ് എന്ന പേര് നിർദ്ദേശിച്ചത്. പ്രതിരോധ ശാസ്ത്രജ്ഞനായ ഡോ എ ശിവതാണുപിള്ളയാണ് ഈ മിസൈലിന്റെ പിതാവ് എന്നറിയപ്പെടുന്നത്. അങ്ങനെ ശക്തിയേറിയ ഒരായുധം തന്നെ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ പ്രതിരോധ കയറ്റുമതി രംഗത്ത് വൻ മുന്നേറ്റം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും കയറ്റുമതിക്കും വലിയ സംഭാവനകൾ നൽകി. പ്രതിരോധ ഉൽപ്പാദന രംഗത്ത് സ്വകാര്യ പങ്കാളിത്തവും മൂലധനവും എത്തി. പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ സാന്നിധ്യത്തെ പലരും നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷെ ആ നയം രാജ്യത്തിന് ഗുണകരമായ രീതിയിൽ പ്രതിരോധ ഉൽപ്പാദനം കൂട്ടുന്നു എന്ന് തെളിയുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചിരിത്രത്തിൽ തന്നെ വൻ കുതിപ്പാണ് ഫിലിപ്പീൻസുമായുള്ള ഈ ആയുധ ഇടപാട്. ലോകത്തിലെ ഏറ്റവും മികച്ച ക്രൂയിസ് മിസ്സിലാണ് നമ്മൾ വികസിപ്പിച്ചത് എന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. ഫിലിപ്പീൻസ് മാത്രമല്ല വിയറ്റ്നാം ചിലി തുടങ്ങിയ രാജ്യങ്ങളും ഉടൻ ബ്രഹ്മോസ് വാങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ ചുരുക്കത്തിൽ ഇന്ത്യയുടെ ബ്രഹ്മോസ് ചൈനക്ക് വലിയ തലവേദന സൃഷ്ടിക്കും എന്നുറപ്പാണ്.

