Friday, May 17, 2024
spot_img

ഇന്ത്യ–പാക് ഉഭയകക്ഷി ചർച്ചയ്ക്കുള്ള സാധ്യത തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ; പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം

ദില്ലി : ഇന്ത്യ–പാകിസ്ഥാൻ ഉഭയകക്ഷി ചർച്ചയ്ക്കുള്ള സാധ്യത തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഭീകരതയുടെ സ്പോൺസർമാർക്കും ഇരകൾക്കും ഒന്നിച്ചിരിക്കാനാകില്ലെന്നും പാകിസ്ഥാന്റെ വിശ്വാസ്യത അവരുടെ വിദേശനാണ്യശേഖരം പോലെ ഇടിയുകയാണെന്നും എസ് ജയശങ്കർ പറഞ്ഞു. ഭീകരത പാക്കിസ്ഥാനിൽ വ്യവസായമാണെന്നും പാക്ക് അധിനിവേശ കശ്മീർ ഒഴിയുന്നത് മാത്രമാണ് പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ശേഷമായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഷാങ്‍ഹായ് സഹകരണ സംഘടനയിലുള്ള ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി എന്ന നിലയിലാണ് പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി എത്തിയത്. അത് ബഹുമുഖ നയതന്ത്രത്തിന്റെ ഭാഗമാണ്, അതിനപ്പുറമൊന്നും കാണേണ്ടതില്ല. ഭീകരത എന്ന വ്യവസായത്തിന്റെ പ്രചാരകനും വക്താവുമാണ് ബിലാവൽ ഭൂട്ടോയെന്നും ജയശങ്കർ ആരോപിച്ചു.

ചൈന–പാകിസ്ഥാന്‍ ഇടനാഴിക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമാധികാരം വെല്ലിവിളിക്കാന്‍ ആരെയും അനുവദിക്കില്ല. അതിര്‍ത്തി ശാന്തമാകാതെ ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലാകുകയുമില്ല. കണക്റ്റിവിറ്റി പുരോഗതിക്ക് നല്ലതാണ്, എന്നാൽ രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും ലംഘിച്ചു കൊണ്ടുള്ള കണക്റ്റിവിറ്റി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജയശങ്കർ പറഞ്ഞു.

2014ൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാകിസ്ഥാൻ നേതാവാണ് സർദാരി. ഏപ്രിൽ 20 ന് ജമ്മു കശ്മീരിലെ പൂഞ്ച്-ജമ്മു ഹൈവേയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഇന്ത്യ പാക് ബന്ധം വീണ്ടും മോശമായത്. ജവാന്മാരുടെ വാഹനങ്ങൾ ആക്രമിച്ച ഭീകരർ നിയന്ത്രണ രേഖ കടന്നെത്തിയവരാണെന്നാണ് വിവരം.

യോഗത്തിൽ പങ്കെടുക്കുന്ന രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഭൂട്ടോ പറഞ്ഞിരുന്നെങ്കിലും, ചടങ്ങിൽ പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ചകൾ ഉണ്ടാകില്ലെന്ന് ജയശങ്കർ നേരത്തെ സൂചന നൽകിയിരുന്നു.

പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകര പ്രവർത്തനങ്ങളിൽ ഇന്ത്യ കർശനമായ നിലപാട് സ്വീകരിക്കുകയും പാകിസ്ഥാൻ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര ശൃംഖലയ്‌ക്കെതിരെ പ്രവർത്തിക്കാത്തിടത്തോളം ഒരു സംഭാഷണവും സാധ്യമല്ലെന്ന് ആവർത്തിക്കുകയും ചെയ്തു.

പിന്നീട് യോഗത്തിൽ സംസാരിച്ച വിദേശകാര്യ മന്ത്രി, തീവ്രവാദം ഒരു “ഭീഷണി” ആണെന്നും ഒരു ഭീകരപ്രവർത്തനവും ന്യായീകരിക്കാനാവില്ലെന്നും അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള എല്ലാ രൂപങ്ങളിലും ഇത് അവസാനിപ്പിക്കാൻ അംഗങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മാത്രമല്ല പാകിസ്ഥാനെ പ്രത്യക്ഷമായി പരാമർശിക്കുകയും ചെയ്തു.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) ഒരു യുറേഷ്യൻ രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ ഉച്ചകോടിയാണ്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ എട്ട് രാജ്യങ്ങളാണ് നിലവിൽ ഗ്രൂപ്പിലുള്ളത്.

Related Articles

Latest Articles