Friday, April 26, 2024
spot_img

കശ്മീരിൽ ലഷ്‌ക്കർ കമാൻഡറെ വളഞ്ഞ് സൈന്യം; ഏറ്റുമുട്ടൽ തുടരുന്നു; ഭീകരവേട്ടയിൽ സൈന്യം ഇതുവരെ വധിച്ചത് ആറു ഭീകരരെ

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌ക്കർ കമാൻഡറെ വളഞ്ഞ് സൈന്യം (Indian Army). പുൽവാമയിലെ പാംപോറിലെ ദ്രാംഗ്ബാൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ ലഭിച്ച രഹസ്യ വിവരം അനുസരിച്ചാണ് സൈന്യം ദ്രാംഗ്ബാൽ മേഖല വളഞ്ഞത്. ലഷ്‌ക്കറിന്റെ നേതാവായ ഉമർ മുഷ്താഖ് ഖാണ്ഡെയേയും സംഘത്തേയുമാണ് സൈന്യം വളഞ്ഞിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ വധിച്ച സംഭവത്തിലും താഴ്വരയിലെ ബോംബ് സ്‌ഫോടനങ്ങളിലും പലസമയത്തായി നേതൃത്വം കൊടുത്ത ഭീകരനാണ് ഉമർ.

ലഷ്‌ക്കറിന്റെ ആദ്യ 10 കൊടുംഭീകരന്മാരിൽ പ്രധാനിയാണ് ഉമർ ഖാണ്ഡെ. ശ്രീനഗറിലെ ഭാഗ്ഘട്ടിൽ രണ്ട് പോലീസുദ്യോഗസ്ഥരെ വധിച്ചത് ഉമറായിരുന്നുവെന്ന് കശ്മീർ പോലീസ് മേധാവി വിജയ് കുമാർ പറഞ്ഞു.
വെള്ളിയാഴ്ച മുതൽ കശ്മീർ മേഖലയിൽ സൈന്യം നടത്തുന്ന ഭീകരവേട്ടയിൽ ഇതുവരെ ആറു ഭീകരരെയാണ് വധിക്കാനായത്. ഊർജ്ജിതമായ തിരച്ചിലാണ് മേഖലയിൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പുൽവാമയിലെ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചിരുന്നു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെയാണ് സുരക്ഷാ സേന വധിച്ചത്. നാട്ടുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൂഞ്ചിലെ നാര്‍ഗാസ് വനമേഖലയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും, ജവാനുമാണ് വീരമൃത്യു വരിച്ചത്. കൊടുംവനത്തിലെ അതീവ ദൂഷ്കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.

Related Articles

Latest Articles