Thursday, May 2, 2024
spot_img

ടി20 ലോകകപ്പ്: ‘തണുത്തതും, നന്നായി പാകം ചെയ്യാത്തതുമായ ഭക്ഷണം നൽകി’ ; അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിട്ടില്ലെന്ന പരാതിയുമായി ഇന്ത്യൻ ടീം

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നെതർലാൻഡിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിട്ടില്ലെന്ന് പരാതി. ഓസ്‌ട്രേലിയയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ഒക്ടോബർ 27ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. പരിശീലന സെഷനിടെ ടീം ഇന്ത്യക്ക് തണുത്തതും, നന്നായി പാകം ചെയ്യാത്തതുമായ ഭക്ഷണമാണ് നൽകിയതെന്ന് ബിസിസിഐ അറിയിച്ചു.

സാൻഡ്‌വിച്ചുകൾ മാത്രമാണ് ടീമിന് നൽകിയത്. സിഡ്‌നിയിലെ പരിശീലന സെഷനുശേഷം വിളമ്പിയ ഭക്ഷണം തണുത്തതും ഉപയോഗശൂന്യവുമാണെന്ന് ഇന്ത്യൻ ടീം ഐസിസിയെ അറിയിച്ചു. ലോകകപ്പ് പോലൊരു വലിയ മത്സര വേദിയിൽ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ നിരുത്തവാദപരമായ പെരുമാറ്റത്തിന് എതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇന്ത്യൻ ടീമിന് പരിശീലനം നടത്താൻ പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് സൂചന. താരങ്ങൾ തങ്ങുന്ന ഹോട്ടലിൽ നിന്ന് ഏതാണ്ട് 42 കിലോമീറ്റർ ദൂരെയായാണ് പരിശീലന ഗ്രൗണ്ട് ക്രമീകരിച്ചിരിക്കുന്നത്. ഇതും കടുത്ത വിമർശനത്തിന് ഇടയാക്കുന്നുണ്ട്. സിഡ്‌നിയിലെ ഒരു പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പരിശീലന ഗ്രൗണ്ടിലേക്കുള്ള ദൂരം താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്.

അതേസമയം, ലോകകപ്പിലെ ഇന്ത്യയുടെ തുടക്കം സ്വപ്‌ന തുല്യമായിരുന്നു. വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മികവിൽ ചിരവൈരികളായ പാകിസ്ഥാനെ നാല് വിക്കറ്റിന് തകർത്താണ് ടീം തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് രണ്ടാം മത്സരത്തിന് വേണ്ടി സിഡ്‌നിയിൽ എത്തിയിരിക്കുകയാണ് ടീം

Related Articles

Latest Articles