Tuesday, May 7, 2024
spot_img

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഭാരതത്തിന്റെ ആദ്യ ദൗത്യം; ‘ഗഗൻയാൻ വിക്ഷേപണത്തിലേക്ക് നാം ഒരു പടി കൂടി അടുത്തിരിക്കുന്നു’; ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് ആശംസകളുമായി പ്രധാനമന്ത്രി

ദില്ലി: ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഭാരതത്തിന്റെ ആദ്യ ദൗത്യമായ ഗഗൻയാൻ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ നിർണ്ണായക പരീക്ഷണം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രശംസ. ഗഗൻയാൻ വിക്ഷേപണത്തിലേക്ക് നാം ഒരു പടി കൂടി അടുത്തിരിക്കുകയാണെന്നും ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് എല്ലാവിധ ആശംസകളും നേരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഇന്ന് രാവിലെ നടന്നത്. ശ്രീഹരിക്കോട്ടയിൽ നിന്നും നടത്തിയ വിക്ഷേപണത്തിന് പിന്നാലെ (ടിവി ഡി1 ടെസ്റ്റ് ഫ്‌ളൈറ്റ്) ബംഗാൾ ഉൾക്കടലിൽ പതിച്ച പേടകം നാവികസേന വീണ്ടെടുത്തു. ഇത് വൈകാതെ ചെന്നൈയിലേക്ക് എത്തിക്കും.

അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പരീക്ഷണ സമയം ആദ്യം മാറ്റിയിരുന്നു. തുടർന്ന് കുറച്ചുസമയത്തിന് ശേഷം വിക്ഷേപണത്തിനായി കൗണ്ട്ഡൗൺ ആരംഭിച്ചെങ്കിലും ഓട്ടോമാറ്റിക് സംവിധാനം തകരാർ കണ്ടെത്തുകയും അഞ്ച് സെക്കൻഡ് മുമ്പ് ദൗത്യം നിർത്തിവെക്കുകയും ചെയ്തു. ശേഷം തകരാർ അതിവേഗം പരിഹരിച്ച് ഒരു മണിക്കൂറിനുള്ളിൽ വിക്ഷേപണം പൂർത്തിയാക്കി. പ്രതികൂല സാഹചര്യം ഉണ്ടായാൽ അതിവേഗത്തിൽ മറികടക്കാൻ സാധിക്കുമെന്ന് ഇസ്രോ ടീം തെളിയിച്ചതായി എസ്. സോമനാഥ് പ്രതികരിച്ചു.

Related Articles

Latest Articles