കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്. വീണ്ടും മത്സരിക്കണമെന്ന് തനിക്ക് പിടിവാശിയില്ല. മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. ‘മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ കൊണ്ടുവരാനായിട്ടുണ്ട്. എനിക്കുള്ള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതുതന്നെയാണെന്ന് ഇന്നസെന്റ് പറഞ്ഞു.

ആരോഗ്യമേഖലയില്‍ നടപ്പാക്കിയ പദ്ധതികളാണ് തന്റെ നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. അര്‍ബുദത്തെ പുഞ്ചിരിയോടെ ചെറുത്തു തോല്‍പ്പിച്ച ഇന്നസെന്റിന് ക്യാന്‍സര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ തന്റെ മണ്ഡലത്തില്‍ എത്തിക്കുക എന്നത് ഒന്നാമത്തെ പരിഗണന ആയിരുന്നു. അഞ്ച് താലൂക്ക് ആശുപത്രികളാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ആ അഞ്ച് കേന്ദ്രങ്ങളിലും മാമോഗ്രാം യൂണിറ്റുകളും ഡയാലിസിസ് യൂണിറ്റുകളും എംപിയുടെ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ചതായും ഇന്നസെന്റ് പറഞ്ഞു.

ചാലക്കുടിയില്‍ നാഗത്താന്‍ പാറ എന്നൊരു പട്ടികജാതി കോളനി ഉണ്ട്. അവിടെ ആകെ 20 കുടുംബങ്ങളാണ് ഉള്ളത്. രാത്രി കാലങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകാന്‍ സാധ്യത ഉള്ളതുകൊണ്ട് കൊണ്ട് ഈ സാധുക്കള്‍ എന്നും മലയിറങ്ങി വന്ന് താഴെ ബന്ധു വീടുകളിലൊക്കെയാണ് താമസിച്ചിരുന്നത്. അവിടെ കറന്റ് എത്തിയിട്ടില്ലായിരുന്നു എന്നത് തനിക്ക് വലിയ സങ്കടമായിരുന്നു. അതുകൊണ്ട് തന്നെ അവിടേക്ക് കറന്റ് എത്തിക്കാനായതാണ് തന്റെ വലിയ നേട്ടമെന്ന് ഇന്നസെന്റ് പറയുന്നു. ‘അത് വലിയ അടങ്കലുള്ള പദ്ധതിയൊന്നും അല്ലായിരുന്നു. ഒരു മൂന്നരക്കോടി രൂപയുടെ പദ്ധതി. എങ്കിലും അതുണ്ടാക്കിയ സന്തോഷം ചെറുതായിരുന്നില്ല..’ ഇന്നസെന്റ് പറഞ്ഞു