Friday, April 26, 2024
spot_img

കൊവിഡ് വൈറസിന് ജനിതക മാറ്റം: ഞെട്ടിത്തരിച്ച് ലോകം: സൗദി അറേബ്യയടക്കം വിവിധ രാജ്യങ്ങള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്

ലണ്ടൻ: ലോകത്തിന് ഭീഷണിയായി ലണ്ടനിൽ കൊവിഡ് വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തിൽ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവെച്ചു. ഇറ്റലിയടക്കം വീണ്ടും അടച്ചുപൂട്ടലിലേക്ക് പോയേക്കുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടച്ചു. കര, വ്യോമ, സമുദ്ര അതിർത്തികളാണ് സൗദി അടച്ചത്.

ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും നിർത്തിവെച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവിസുകൾ മാത്രം അനുവദിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാൻ അനുവദിക്കും. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്നാണ് സൂചന.

ഡിസംബർ എട്ട് മുതൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ, പുതിയ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവർ രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറൻറീനിൽ കഴിയണം. ക്വാറൻറീൻ കാലയളവിൽ കൊവിഡ് പരിശോധന നടത്തണം. ഒരോ അഞ്ച് ദിവസത്തിലും പരിശോധന ആവർത്തിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവർ അല്ലെങ്കിൽ പകർച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവർ കൊവിഡ് പരിശോധന നടത്തണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles