Friday, May 10, 2024
spot_img

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിനുള്ള ശിൽപങ്ങൾ ഇന്ത്യയിൽ ഒരുങ്ങി; ശിലകൾ മാർച്ചിൽ അബുദാബിയിലെത്തിക്കും; ചിത്രങ്ങൾ കാണാം

അബുദാബി: അബൂമുറൈഖയിൽ നിർമിക്കുന്ന സ്വാമി നാരായണ്‍ ക്ഷേത്ര സമുച്ചയത്തിന്റെ ശിലകളുടെ കൊത്തുപണികൾ ഇന്ത്യയിൽ പൂർത്തിയാക്കി. അക്ഷർധാം മാതൃകയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിനുള്ള ശിലകൾ പൂർണമായും ഇന്ത്യയിലാണ് കൊത്തിയെടുത്തത്. രണ്ടായിരത്തോളം ശിൽപികൾ ശില്പ നിർമാണത്തിൽ പങ്കെടുത്തു. ഈ ശിലകൾ വരുന്ന മാർച്ചിൽ അബുദാബിയിൽ എത്തിച്ചു കൂട്ടിച്ചേർത്താണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കുക. സ്വാമി നാരായൺ സൻസ്ഥയുടെ ദില്ലിയിലുള്ള സ്വാമി നാരായൺ ക്ഷേത്രത്തിന്റെ മാതൃകയിലാണ് അബുദാബിയിലും ക്ഷേത്രമുയരുന്നത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ആണ് ക്ഷേത്രത്തിനാവശ്യമായ സ്ഥലം വിട്ടുനൽകിയത്.

പുരാണ കഥകളുടെ ശിൽപാവിഷ്കാരമാണ് 707 ചതുരശ്ര മീറ്റർ ശിലകളിൽ കൊത്തി ഒരുക്കിയിരിക്കുന്നത്. ആന, മയിൽ, ഒട്ടകം, കുതിര, നർത്തകർ, സംഗീതജ്ഞർ, സംഗീത ഉപകരണങ്ങൾ എന്നിവ ശിലയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇരുമ്പോ, സ്റ്റീലോ ഉപയോഗിക്കാതെ, ക്ഷേത്ര നിർമാണത്തിലെ പരമ്പരാഗത രീതികൾ പൂർണമായി പാലിച്ചാണ് സ്വാമി നാരായൺ ക്ഷേത്രനിർമാണം. 55,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണമായും ശിലകളിലാണ് ക്ഷേത്രം ഉയരുക. 3000 ശിൽപികൾ കൊത്തിയെടുത്ത 12,350 ടൺ പിങ്ക് മാർബിളും 5000 ടൺ ഇറ്റാലിയൻ മാർബിളും ക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കും. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടി നിർമിക്കുന്ന ക്ഷേത്രം 2022ൽ പൂർത്തിയാകും.

സാംസ്‌കാരിക പരിപാടികൾ നടത്താനുള്ള വലിയ ആംഫി തീയേറ്ററും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ടാകും. സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, ഉദ്യാനങ്ങൾ, കായിക കേന്ദ്രങ്ങൾ, ജലാശയങ്ങൾ, ഗ്രന്ഥശാല തുടങ്ങിയവയും സജ്ജമാക്കും. സ്വാമി നാരായൺ സൻസ്തയുടെ ഇന്റർനാഷനൽ റിലേഷൻസ് മേധാവി സാധു ബ്രഹ്മ വിഹാരി ദാസിന്റെ മേൽനോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.

പശ്ചിമേഷ്യയിലെ ബൃഹത്തായ ആദ്യ ഹിന്ദുക്ഷേത്രം അബുദാബിയില്‍ ഉയര്‍ന്ന് വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ പ്രവാസി സമൂഹവും ഉറ്റുനോക്കുന്നത്. വാണിജ്യബന്ധത്തിന് പുറമേ യുഎഇയുമായി ഇന്ത്യയ്ക്കുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ ക്ഷേത്രപദ്ധതിക്ക് സാധിക്കുമെന്നാണ് ഇന്ത്യൻ സമൂഹത്തിന്റെ പ്രതീക്ഷ.

Related Articles

Latest Articles