Saturday, April 27, 2024
spot_img

പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍

ഇറാന്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇറാനും രംഗത്ത്. ആക്രമണത്തില്‍ കനത്ത വില പാക്കിസ്ഥാന് നല്‍കേണ്ടി വരുമെന്നും ഇറാന്‍ താക്കീത് നല്‍കി. കഴിഞ്ഞ ബുധനാഴ്ച ഇറാനിലുണ്ടായ ഭീകരാക്രമണത്തില്‍ 27 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നിലും പാക്കിസ്ഥാനാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ത്യയ്ക്കു ലഭിച്ചു. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഷീദ് ഘാസി ആണെന്നു വ്യക്തമായിട്ടുണ്ട്. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറാണ് ഇയാള്‍. ആക്രമണത്തിനു പിന്നാലെ ഇയാള്‍ക്കായി തെക്കന്‍ കശ്മീരില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിനായി ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറാണ് ഇയാളെ നിയോഗിച്ചത്.

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം ജെയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാര്‍ഷികദിനമായ ഫെബ്രുവരി ഒന്‍പതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തില്‍ സൂചനകള്‍ ഇന്റലിജന്‍സിനു ലഭിച്ചിരുന്നു. ഇന്ത്യയെ കരയിക്കാന്‍ തക്കവിധം വലുതായിരിക്കണം ആക്രമണമെന്നായിരുന്നു ഒരു ശബ്ദസന്ദേശം. ഇതിനു പിന്നാലെയാണ് ഘാസിയെ ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹര്‍ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന.

Related Articles

Latest Articles