കേരളത്തെ നടുക്കിയ മഹാപ്രളയം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആദിവാസി വിഭാഗങ്ങൾക്ക് ആദ്യഗഡു തുക പോലും നൽകാതെ സർക്കാർ. അടിമാലി ട്രൈബൽ ഓഫീസിൽ നൽകിയ മുപ്പതിലധികം അപേക്ഷകൾ ട്രൈബൽ ഓഫീസിൽ കെട്ടിക്കിടക്കുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം യുവതി ഓഫീസിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയിരുന്നു. ട്രൈബൽ ഓഫീസറുടെ വാക്കിനെ തുടർന്ന് 20000 രൂപയിലധികം കടം വാങ്ങി ഇവർ ഭൂമി ലെവൽ ചെയ്തുവെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായവും ഇതുവരെ ലഭിച്ചില്ലെന്നും ആരോപിച്ചാണ് യുവതി സമരം നടത്തിയത്.

അതേസമയം നിങ്ങളുടെ അപേക്ഷകൾ അയച്ചിട്ടുണ്ടെന്നും അക്കൗണ്ടിൽ പൈസ വരുമെന്നുമായിരുന്നു അധികൃതരുടെ വാദം. എന്നാൽ പലതവണ അക്കൗണ്ടിൽ പരിശോധിച്ചിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ ഓഫീസിൽ ചെന്ന് ഫയൽ പരിശോധിച്ചപ്പോഴാണ് എല്ലാ ഫയലുകളും ഓഫീസിൽ ഇരിക്കുന്നതായി കാണാൻ സാധിച്ചത്. ഇതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ 10 മണിമുതൽ ആദിവാസി സമൂഹം അടിമാലി ട്രൈബൽ ഓഫീസിൽ ആദ്യഗഡു ലഭിക്കുന്നതുവരെ സമരം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതായാണ് വിവരം.