ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ഇന്ന് ദുബായ് നഗരമധ്യത്തിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവന്നു. അൽ ബദ ഏരിയയിൽ ഡ്രോൺ വീണതിനെത്തുടർന്നുണ്ടായ നേരിയ സ്ഫോടനമാണ് നടന്നതെന്ന് ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും ജനവാസ മേഖലയ്ക്ക് മുകളിൽ പുകപടലങ്ങൾ ഉയർന്നത് നഗരത്തിൽ വലിയ പരിഭ്രാന്തി പരത്തി. ഇതിന് പിന്നാലെ ദുബായ് ക്രീക്ക് ഹാർബറിലെ ഒരു ടവറിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായതായും അഗ്നിശമനസേനാംഗങ്ങൾ തീയണച്ചതായും യുഎഇ അധികൃതർ വ്യക്തമാക്കി.
ദുബായ് തീരത്തിന് തൊട്ടടുത്ത് പേർഷ്യൻ ഉൾക്കടലിൽ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്നർ കപ്പലിന് നേരെയും മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് ബ്രിട്ടീഷ് സൈന്യത്തിൻ്റെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെൻ്റർ അറിയിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതുമുതൽ ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 24 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഏഴ് യുഎസ് സൈനികരും 11 സാധാരണക്കാരും ഉൾപ്പെടുന്നു. മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാൻ പ്രധാനമായും നീങ്ങുന്നത്.
മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലും സമാനമായ രീതിയിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന മുഹറഖ് ദ്വീപിലുണ്ടായ ഇറാൻ്റെ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. കുവൈറ്റിൽ ഇറാനിയൻ ഡ്രോൺ ഒരു പാർപ്പിട സമുച്ചയത്തിൽ ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്കേറ്റു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര മേഖല ലക്ഷ്യം വെച്ച് വന്ന ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണശ്രമവും സൗദി അറേബ്യ പരാജയപ്പെടുത്തി.
അമേരിക്കൻ-ഇസ്രായേൽ നീക്കങ്ങൾക്കുള്ള മറുപടിയായാണ് ഗൾഫ് രാജ്യങ്ങളെ ഇറാൻ ലക്ഷ്യം വയ്ക്കുന്നത്. യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയിലാണ്. ദുബായിയെ സംരക്ഷിക്കുന്നതിനായി ഇതിനോടകം രണ്ട് തവണ വ്യോമപ്രതിരോധ കവചം സജീവമാക്കിയതായി യുഎഇ അറിയിച്ചു. മേഖലയിലെ ഊർജ്ജ വിപണിയെയും സാധാരണക്കാരുടെ സുരക്ഷയെയും ബാധിക്കുന്ന വിധത്തിൽ സംഘർഷം പടരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്.

