കേന്ദ്ര സർക്കാർ നിരോധിച്ച പിഎഫ്‌ഐ സഹസംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി അഹമ്മദ് ദേവർ കോവിലിന് അടുത്ത ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കടുത്ത വിമർശനമാണ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ ഉയരുന്നത്.
മന്ത്രിസഭയിൽ നിന്ന് അഹമ്മദ് ദേവർ കോവിലിനെ പുറത്താക്കണം. റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎലിന്റെയും തലവൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിനും റിഹാബ് ഫൗണ്ടേഷനും അടുത്ത ബന്ധമുണ്ട്. അതിനാൽ എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണം, കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൂടാതെ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുമായി ചേർന്ന് ഇടത്-വലത് മുന്നണിക്ക് ഭരണമുണ്ടെന്നും ഇതവസാനിപ്പിക്കാൻ നിങ്ങൾ തയ്യാറാകുമോ എന്നും സുരേന്ദ്രൻ ചോദിച്ചു. കേന്ദ്രത്തിന്റെ പിഎഫ്‌ഐ നിരോധനം ശരിയായ തീരുമാനമാണ്. ഇത് ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു. സംഭവത്തിൽ സിപിഐഎമ്മിനും കോൺഗ്രസിനും ഉത്തരം മുട്ടിയിരിക്കുകയാണ്. ഇവർ ആർ.എസ്.എസിനെ കൂടെ നിരോധിക്കണമെന്ന് പറയുന്നത് പിഎഫ്‌ഐയെ സഹായിക്കാനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

