Sunday, October 18, 2026

കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും; സർക്കാറിന്‍റെ വിശദീകരണം തേടി ഹൈക്കോടതി; ഹർജി ഈമാസം 11 ലേക്ക് മാറ്റി

കൊച്ചി: പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം ആവശ്യപ്പെട്ടു. കലൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പരിപാടിയിൽ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാൻസ്ജെൻഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പോലീസിന്‍റെ നടപടി ചോദ്യം ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി.

മുഖ്യമന്ത്രി വരുന്നു എന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് കറുപ്പ് അണിച്ച് എതിർപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനൽ കുറ്റകൃത്യമല്ലെന്നും ഇതിന്‍റെ പേരിൽ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജിയിൽ സർക്കാർ വിശദീകരണം തേടിയ കോടതി ഹർജി ഈമാസം 11 ലേക്ക് മാറ്റിയിട്ടുണ്ട്.

സ്വപ്ന സുരേഷ് സ്വർണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തിയത്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലോ സദസിലോ പോലും ഒരു കറുപ്പ് തുണി കൊണ്ടുപോകാനോ കാണാനോ ഇടയാക്കാതെ ആയിരുന്നു പൊലീസിന്റെ മുൻകരുതൽ. ഇതിന്റെ ഭാഗമായി കറുത്ത മാസ്ക് ധരിച്ചവരെ, അത് അഴിക്കാൻ നിർബന്ധിക്കുന്നതും, കറുപ്പ് വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തതും അടക്കം നിരവധി നാടകീയ രംഗങ്ങളാണ് ഈ സമയത്ത് അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡറുകളെ പോലീസ് കസ്റ്റഡിയിലെടുത്തതും അത് ചർച്ചയാകുന്നതും.

Related Articles

Latest Articles