കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം മാറ്റിവച്ചു. കഴിഞ്ഞ ദിവസത്തെ എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ് സി മത്സരം കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.
ഐഎസ്എല്ലില്‍ ടീമുകളെല്ലാം കോവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു . ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.
മാത്രമല്ല മിക്കടീമുകളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐഎസ്എല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
അതേസമയം ഇന്ന് ലീഗിലെ എല്ലാ ടീം സിഇഒമാരുമായി, ഐ എസ് എല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷമായിരിക്കും മത്സരങ്ങള്‍ തുടര്‍ന്ന് നടക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ആദ്യമത്സരത്തിൽ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തോല്‍പിച്ചിരുന്നു.

