Thursday, September 24, 2026

ഇസ്രായേൽ പ്രധാനമന്ത്രി മോസ്കൊയിലെത്തി പുടിനുമായി ചർച്ച നടത്തി; യുക്രൈൻ പ്രസിഡന്റുമായി ടെലിഫോണിൽ ചർച്ച വെടിനിർത്തലിന് അന്താരാഷ്‌ട്ര സമ്മർദ്ദം

മോസ്കൊ: റഷ്യ യുക്രൈൻ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നറ്റ് മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തി. യുക്രൈൻ പ്രസിഡന്റുമായി ടെലിഫോണിൽ ചർച്ച നടത്തിയതായും ഇസ്രായേൽ വക്താവ് അറിയിച്ചു. അമേരിക്ക, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾക്കൊപ്പവും ഇസ്രയേലും സമാധാന ശ്രമങ്ങളിൽ പങ്കുചേരുകയാണെന്ന് ഇസ്രായേൽ അറിയിച്ചു. സംഘർഷത്തിൽ നിന്നും റഷ്യയെ പിന്തിരിപ്പിക്കാനും വെടിനിർത്തലിന് പ്രേരിപ്പിക്കാനുമുള്ള അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനം എന്ന് വിലയിരുത്തപ്പെടുന്നു.

യുക്രൈനിലെ ജൂത സമൂഹങ്ങളുടെ സുരക്ഷയെ കുറിച്ചും ബെന്നറ്റ് പുടിനുമായി സംസാരിച്ചതായും, ഇറാനുമായുള്ള ആണവ ചർച്ചകളുടെ അവസ്ഥയും കൂടിക്കാഴ്ചയിൽ വിഷയമായെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യക്കും യുക്രൈനും ഇടയിൽ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥൻ എന്ന നിലയിലാണ് ബെന്നറ്റിന്റെ യാത്ര എന്നാണ് സന്ദർശനത്തെ ഇസ്രായേൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്. റഷ്യ യുക്രൈൻ സംഘർഷം 10 ദിവസം പിന്നിടുമ്പോൾ വീണ്ടും സമാധാന ചർച്ചയ്ക്കൊരുങ്ങുകയാണ് ഇരു രാജ്യങ്ങളും. യുക്രൈൻ റഷ്യ മൂന്നാം വട്ട ചർച്ച തിങ്കളാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയ്ക്ക് യുക്രൈൻ സന്നദ്ധത അറിയിച്ചിരുന്നു. ചർച്ച തിങ്കളാഴ്ച നടക്കുമെന്ന് യുക്രൈൻ ചർച്ചാസംഘത്തിലെ ഡേവിഡ് അരാഖാമിയയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Related Articles

Latest Articles