Saturday, April 27, 2024
spot_img

‘ഇന്ത്യൻ ശാസ്ത്രലോകം ലോകത്തിൽ തന്നെ മികച്ചതാണ്. മികച്ച നേതൃത്വമുണ്ടെങ്കിൽ വലിയ നേട്ടങ്ങൾ നമുക്ക് കൈവരിക്കാനാകും’; ബാലഗോകുലം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് ISRO ചെയർമാൻ എസ് സോമനാഥ്

ബാലഗോകുലത്തിന്റെ നാൽപ്പത്തിയാറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ISRO ചെയർമാൻ എസ്. സോമനാഥ്. ബാലഗോകുലം ബാംഗ്ലൂർ എന്ന യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബാലഗോകുലം പ്രവർത്തകരെ അഭിസംബോധന ചെയ്തത്. “കുട്ടികളിൽ ധാർമിക ബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്‌. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ശാസ്ത്രലോകം പ്രപഞ്ചത്തെ കുറിച്ച് നിരവധി അറിവുകൾ സമ്മാനിച്ചു. മഹാ വിസ്ഫോടനത്തിനു ശേഷം പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രം ഏറ്റവും വലിയ പ്രപഞ്ചത്തെ കുറിച്ചും ഏറ്റവും ചെറിയ ആറ്റങ്ങളെ കുറിച്ചും ഇലക്ട്രോണുകളെ കുറിച്ചും ഒരേ സമയം വിസ്മയകരമായ അറിവുകൾ നൽകുന്നു. ഈ അറിവുകൾ നേടുന്നതിൽ ബഹിരാകാശ സാങ്കേതിക വിദ്യക്ക് വലിയ പങ്കുണ്ട്. ആത്മീയതയുടെ അടിത്തറയും മികച്ച ശാസ്ത്രബോധവും വരും തലമുറക്കുണ്ടാകണം. കൂടുതൽ ഫലമുണ്ടാകുമ്പോൾ ഒരു വൃക്ഷം അതിന്റെ ശിഖരങ്ങൾ താഴേക്ക് താഴ്ത്തുന്നത് പോലെ, അറിവ് നേടുന്തോറും മനുഷ്യനിൽ വിനയമുണ്ടാകണം. അതാണ് ഭാരതത്തിന്റെ സംസ്കാരം. ഇന്ത്യൻ ശാസ്ത്രലോകം ലോകത്തിൽ തന്നെ മികച്ചതാണ്. മികച്ച നേതൃത്വമുണ്ടെങ്കിൽ വലിയ നേട്ടങ്ങൾ നമുക്ക് കൈവരിക്കാനാകും”. അദ്ദേഹം പറഞ്ഞു

1970-കളുടെ മധ്യത്തോടെ കേരളത്തിൽ തുടക്കം കുറിച്ച ഒരു കുട്ടികൾക്കായുള്ള സംഘടനയാണ് ബാലഗോകുലം. കുട്ടികളെ അവരുടെ സാമൂഹ്യ-ധാർമ്മിക മൂല്യങ്ങളെ വർദ്ധിപ്പിക്കാനും ശ്രീകൃഷ്ണന്റെ ഉപദേശങ്ങൾക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ട് ജീവിത വിജയം നേടാനും പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യമായി പറയുന്നത്. ഈ സംഘടന 1981-ൽ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സംഘടനയായാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. “സർവ്വേ സന്തു നിരാമയാഃ” എന്ന സംസ്കൃത വാക്യമാണ് ബാലഗോകുലത്തിന്റെ ആപ്തവാക്യം.

Related Articles

Latest Articles