Monday, September 21, 2026

ലോക്‌സഭാ, നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് !പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട് ! ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം ബില്ലുകളും അവതരിപ്പിച്ചേക്കും

ദില്ലി : സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുമെന്നറിയിച്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ എന്ന സുപ്രധാന ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നതാണ് ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ. ഇതുവഴി പലപ്പോഴായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന പണച്ചെലവ് ഒഴിവാക്കാനും ഈ പണം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുമാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. ഈ ആശയം മുൻപും പലതവണ ഉന്നയിക്കപ്പെട്ടിരുന്നു. നിലവിൽ, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതത് സഭകളുടെ കാലാവധിയുടെ അവസാനിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പി’ലൂടെ ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ ബില്ലിന് പുറമെ ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച ബില്ലുകളും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

അടുത്തമാസം 18 മുതൽ 22 വരെ അഞ്ച് ദിവസങ്ങളിലായി പാർലമെന്റ് പ്രത്യേക സമ്മേളനം നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷിയാണ് വ്യക്തമാക്കിയത്. സമൂഹ മാദ്ധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്. അതെ സമയം പുതിയ പാർലമെന്റ് കെട്ടിടത്തിലായിരിക്കുമോ സമ്മേളനമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സമ്മേളനത്തിലെ അജൻഡകളെന്താണെന്നതിലും സൂചനകളില്ല. ഫലപ്രദമായ ചർച്ചകൾക്കായാണു സമ്മേളനമെന്നാണു മന്ത്രിയുടെ വിശദീകരണം. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുന്നതിനിടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Latest Articles