1990കളിൽ കാശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന ചലച്ചിത്രമാണ് “ദി കാശ്മീർ ഫയൽസ് “. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ സിനിമ, രാജ്യം മുഴുവൻ നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’.ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി നടി യാമി ഗൗതം രംഗത്ത് വന്നിരിക്കുകയാണ്.ട്വിറ്ററിലൂടെയാണ് യാമി പ്രതികരിച്ചിരിക്കുന്നത്. വിവേക് അഗ്നിഹോത്രിയോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേറിനോടും തനിക്ക് ആദരവാണ് തോന്നുന്നതെന്ന് യാമി ട്വിറ്ററിൽ കുറിച്ചു. സംവിധായകനും ഭർത്താവും ആയ ആദിത്യ ധറിന്റെ വികാരഭരിതമായ പോസ്റ്റ് നടി റീട്വീറ്റ് ചെയ്യുകയും ചെയ്തു.
‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാൽ, സമാധാനപ്രേമികൾ ആയിരുന്ന ആ സമൂഹം അനുഭവിച്ച ക്രൂരതകൾ എനിക്ക് നേരിട്ട് അറിയാം. പക്ഷേ, രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും ഇപ്പോഴും ആ സംഭവം അറിയില്ല. അതിനെക്കുറിച്ച് അറിയാൻ, രാജ്യത്തിന് 32 വർഷവും ഒരു സിനിമയും വേണ്ടി വന്നു. സിനിമ കാണുക’, യാമി ട്വീറ്റ് ചെയ്തു. തന്റെ ഭർത്താവും സംവിധായകനുമായ ആദിത്യ ധറിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. ഉറി സിനിമയുടെ സംവിധായകൻ ആണ് ആദിത്യ ധർ. കശ്മീർ ഫയലിനെ കുറിച്ച് സംവിധായകൻ വികാരഭരിതമായ പോസ്റ്റ് പങ്കുവെച്ചിരുന്നു.
‘കശ്മീർ ഫയൽസ് കണ്ടതിന് ശേഷം തിയേറ്ററുകളിൽ തകർന്നിരുന്ന കശ്മീരി പണ്ഡിറ്റുകളുടെ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകാം. അവരുടെ വികാരം സത്യമാണ്. നമ്മുടെ വേദനയും ദുരന്തവും എത്രത്തോളം അടിച്ചമർത്തപ്പെട്ടുവെന്ന് അവരുടെ നിസഹായത വ്യക്തമാക്കുന്നു. ആശ്രയത്തിനായി ചായാൻ ഞങ്ങൾക്ക് ഒരു തോളും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അഭ്യർത്ഥനകൾ കേൾക്കാൻ ആരും തയ്യാറായില്ല. ഈ സിനിമ, ഞങ്ങൾക്ക് സംഭവിച്ചതിനെ തുറന്നു കാണിക്കുന്നതിനുള്ള ധീരമായ ഒരു ശ്രമമാണ്. ഞങ്ങൾക്ക് സംഭവിച്ച ദുരന്തം സഹിച്ച് ജീവിക്കാൻ ഞങ്ങൾ നിർബന്ധിതരായി. കാലം ഞങ്ങളുടെ മുറിവുകൾ ഉണക്കുമെന്ന് പ്രതീക്ഷിച്ച് ഞങ്ങൾ മുന്നോട്ട് പോകാൻ ശ്രമിച്ചു. പക്ഷെ, അവിടെയാണ് ഞങ്ങൾ ചെയ്ത തെറ്റ്. മുറിവുകൾ ഇപ്പോഴും അവശേഷിക്കുന്നു. ഒന്നും മറക്കാനാകുന്നില്ല. ഞങ്ങളെല്ലാവരും ഇന്നും, മാനസികവും ശാരീരികവുമായ ദുരിതമനുഭവിക്കുന്നു. എല്ലാ പ്രതിബന്ധങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ നിന്നുകൊണ്ട് ഞങ്ങളുടെ മുൻ തലമുറ, ഞങ്ങൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നേടിത്തരാൻ ശ്രമിച്ചു’, ആദിത്യ ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഈ സിനിമ കണ്ടവരെല്ലാം കണ്ണീരോടെയും അമർഷത്തോടെയുമാണ് പ്രതികരിക്കുന്നത്. റിവ്യൂ റേറ്റിങ് 10/10 ആണ്. സമൂഹമാധ്യമങ്ങൾ മുഴുവൻ ഈ സിനിമയുടെ റിവ്യൂ ആണ്.

