Monday, April 29, 2024
spot_img

പണം വാങ്ങി ലഷ്‌കർ ഭീകരർക്ക് നിർണ്ണായക വിവരങ്ങൾ കൈമാറിയ ഡി വൈ എസ് പി പിടിയിൽ; സംയുക്ത സേനാ നീക്കത്തെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് സൂചന; പോലീസ് ഉദ്യോഗസ്ഥൻ ഷെയ്ഖ് ആദിൽ മുഷ്‌താഖ്‌ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

ശ്രീനഗർ: സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഭീകര സംഘങ്ങളെ സഹായിച്ച ജമ്മു കശ്‌മീർ പോലീസിലെ ഡി വൈ എസ് പി പിടിയിലായി. ഷെയ്ഖ് ആദിൽ മുഷ്‌താഖ്‌ ആണ് ഭീകരരെ സഹായിക്കുകയും അവരിൽ നിന്ന് പണം കൈപ്പറ്റി നിർണ്ണായക വിവരങ്ങൾ ചോർത്തി നല്കിയതിന്റെയും പേരിൽ അറസ്റ്റിലായത്. ഇയാളെ കുറിച്ച് അന്വേഷണം നടത്തിയിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങളും മുഷ്‌താഖ്‌ ഭീകരർക്ക് നൽകിയതായാണ് സൂചന. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണങ്ങൾ പരിശോധിക്കുമ്പോഴാണ് കേന്ദ്ര ഏജൻസികൾക്ക് പോലീസിനകത്തെ ചാരന്മാരെ കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഭീകര വിരുദ്ധ പോരാട്ടങ്ങൾ ഇപ്പോൾ നടത്തുന്നത് സൈന്യവും സി ആർ പി എഫും സംസ്ഥാന പോലീസും ചേരുന്ന സംയുക്ത സേനയാണ്. ഈ സാഹചര്യത്തിൽ പോലീസിനകത്തെ ചാരന്മാർ വലിയ വെല്ലുവിളി ഉയർത്തുന്നതായി കേന്ദ്ര ഏജൻസികൾ മനസിലാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളാ പൊലീസിലെ സൈബർ സെൽ എസ് ഐ യെയും ഭീകര ബന്ധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു.

അഴിമതിയും ഭീകര പ്രവർത്തനവും അടക്കമുള്ള വകുപ്പുകൾ ചേർത്തതാണ് മുഷ്‌താഖിനെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ മുഷ്‌താഖിനെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂലൈയിൽ പിടിയിലായ ഒരു ഭീകരന്റെ ഫോൺ രേഖകളിൽ നിന്നാണ് മുഷ്‌താഖിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അറസ്റ്റിലായ ഭീകരനുമായി ഡി വൈ എസ് പി ടെലിഗ്രാം ആപ്പ് വഴി സന്ദേശങ്ങൾ കൈമാറിയിരുന്നതായും 40 ലേറെ തവണ ഫോൺ സംഭാഷണങ്ങൾ നടത്തിയതായും ഇത് പോലീസ് പിടിയിൽ നിന്നും രക്ഷപെടാൻ ഭീകരനെ സഹായിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഭീകരരിൽ നിന്ന് ഡി വൈ എസ് പി അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയതായും ലഷ്‌കർ പണമിടപാടുകൾക്കായി വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന കേസിലെ പ്രതിയുമായി നിരന്തര ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles