Friday, May 17, 2024
spot_img

ജെസി ഡാനിയല്‍ പുരസ്‌കാരം പി ജയചന്ദ്രന്; മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെ ആയുഷ്‌കാല സംഭാവനക്കാണ് പുരസ്‌കാരം

തിരുവന്തപുരം: 2020ലെ ജെസി ഡാനിയല്‍ പുരസ്‌കാരം ഗായകന്‍ (P Jayachandran) പി ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെ ആയുഷ്‌കാല സംഭാവനക്കാണ് ജയചന്ദ്രന് പുരസ്‌കാരം.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും, നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഈ മാസം 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം വിതരണം ചെയ്യും.

Related Articles

Latest Articles