Thursday, January 1, 2026

ബാര്‍ കോഴ കേസ് : കെഎം മാണിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് എതിരെ കെഎം മാണി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രത്യേക വിജിലന്‍സ്‍ കോടതിയാണ് മാണിക്ക് എതിരെ അന്വേഷണത്തിന് വിധി പ്രസ്‍താവിച്ചത്. മുന്‍കൂര്‍ അനുമതിയോടെ തുടരന്വേഷണം നടത്താം എന്നായിരുന്നു കോടതിയുടെ ഉത്തരവ്.

വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎം മാണിയും തുടരന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനും കഴിഞ്ഞ ഒക്ടോബറില്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു.

ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചിരുന്നത്. ഇതുസംബന്ധിച്ച് വിശദമായ സത്യവാങ്മൂലവും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണ് എന്നും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടന്ന നിലപാട് തന്നെയാണ് വിജിലന്‍സ് നേരത്തേ ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്.

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കേസ് അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണ്. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്നും അതിനായുള്ള അനുമതി നല്‍കണമെന്നും വിജിലന്‍സ് സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കോഴ വാങ്ങിയെന്നാണ് മുന്‍ മന്ത്രി കെ എം മാണിക്കെതിരായ കേസ്. കോഴ വാങ്ങല്‍ ഒരു കുറ്റകൃത്യമാണ്. ഇക്കാരണം കൊണ്ടു തന്നെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ യുടെ സംരക്ഷണം മാണിക്കില്ലെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയത്. സംസ്ഥാനത്ത് പൂട്ടിയ 400 ബാറുകള്‍ തുറക്കാന്‍ 4 കോടിരൂപ കെഎം മാണി ആവശ്യപ്പെട്ടെന്നും ഒരുകോടി രൂപ കൈപ്പറ്റിയെന്നും ബാര്‍ ഉടമകളുടെ സംഘടനയിലെ അംഗം ബിജു രമേശ്‍ വെളിപ്പെടുത്തിയത്.

Related Articles

Latest Articles