Monday, April 29, 2024
spot_img

“മേയറെ സ്‌പോട്ടില്‍ തന്നെ വെടിവയ്ക്കാത്തത് ഭാഗ്യം, ആര്യ രാജേന്ദ്രന് വിവരമില്ല”; പരിഹാസവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ പരിഹസിച്ച് കെ.മുരളീധരന്‍ എംപി (K Muraleedharan MP). ആര്യാരാജേന്ദ്രന് വിവരം ഇല്ലാത്തതിനാലാണ് രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തില്‍ ഔദ്യോഗിക വാഹനം ഇടിച്ചു കയറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ വെടിവച്ച് കൊല്ലുകയാണ് സുരക്ഷാ സേന ചെയ്യുകയെന്നും മുരളീധരന്‍ പറഞ്ഞു.

എംപിയുടെ വാക്കുകൾ ഇങ്ങനെ:

“മുന്‍പ് തിരുവനന്തപുരത്തെ മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് കൊടുത്തത്. പക്ഷേ ഇപ്പോള്‍ ഒരു കാര്യം മനസിലായി. അതിന് വിവരവും ഇല്ലെന്ന്. ആരെങ്കിലും ചെയ്യുമോ…., രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയാണ്….. ഹോണടിച്ചിട്ട്. രാഷ്‌ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറിയാല്‍ സ്‌പോട്ടില്‍ വെടിവയ്‌ക്കുകയാണ് ചെയ്യുന്നത്. ‘കീ’ന്നു ഹോണടിച്ച് കയറിയാല്‍, ‘ഠേ’ന്നുള്ള മറുപടിയായിരിക്കും കിട്ടുക. ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്ക ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മില്‍ ഇല്ലേ” യെന്നും മുരളീധരന്‍ പരിഹസിച്ചു.

അതേസമയം രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയറുടെ വാഹനം രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയതാണ് സുരക്ഷാ വീഴ്ചയ്‌ക്കിടയാക്കിയത്.
എന്നാൽ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. അബദ്ധത്തില്‍ പറ്റിയ പിഴവെന്നാണ് മേയറോട് അടുത്ത വൃത്തങ്ങള്‍ സംഭവത്തില്‍ പ്രതികരിച്ചത്. പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും മേയറുടെ ഓഫീസ് അറിയിച്ചിരുന്നു. 14 വാഹനങ്ങളാണ് രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിവിഐപി വാഹനവ്യൂഹത്തിനൊപ്പമാണ് മേയറുടെ വാഹനവും സഞ്ചരിച്ചത്. പിന്നീട് രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറുകയായിരുന്നു.

Related Articles

Latest Articles