Monday, May 27, 2024
spot_img

നികുതി വെട്ടിപ്പ് ഹരമാക്കിയ കോർപറേറ്റുകൾ; സാമൂഹ്യനീതിക്കുവേണ്ടി ഉറഞ്ഞുതുള്ളുന്ന മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ; കൂടാതെ മോഹൻലാൽ ബ്രാൻഡ് അംബാസിഡറും; ഹുമയൂൺ കിള്ളിയത്തിന്റെ കൈരളി സ്റ്റീൽസ് നടത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്

തിരുവനന്തപുരം: നികുതി വെട്ടിപ്പ് ഒരു ഹരമാക്കിയ കോർപ്പറേറ്റ്, സാമൂഹ്യനീതിക്കുവേണ്ടി ഉറഞ്ഞു തുള്ളുന്ന മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ. കൂടാതെ മോഹൻലാൽ ബ്രാൻഡ് അംബാസിഡറും. ഇതാണ് ഹുമയൂൺ കള്ളിയത്തിന്റെ കൈരളി സ്റ്റീൽസ്. നികുതി വെട്ടിപ്പിന് ഒരു പ്രത്യേക മെയ് വഴക്കം തന്നെയുണ്ടായിരുന്നു കൈരളി സ്റ്റീൽസിന്. നികുതി വെട്ടിപ്പും ചോർച്ചയും തടയാനായാണ് കേന്ദ്ര സർക്കാർ ജി എസ് ടി കൊണ്ടുവന്നത്. പഴയ നികുതി സമ്പ്രദായത്തെപ്പോലെ വെട്ടിപ്പ് ഇവിടെ അത്ര എളുപ്പമല്ല. എന്നാൽ ജി എസ് ടി പോലും സമർഥമായി വെട്ടിയ്ക്കാനറിയുന്ന, വെട്ടിക്കാതിരുന്നാൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്ന സ്ഥാപനങ്ങളുണ്ട് കേരളത്തിൽ. കൊള്ളലാഭവും നികുതി വെട്ടിപ്പും കൂടിയാകുമ്പോൾ ശതകോടികൾ പോക്കറ്റിലാക്കി രാജാവാകുക. മാധ്യമങ്ങൾക്ക് വേണ്ടത് നൽകി അവരുടെ ഇഷ്ടക്കാരനാകുക. ബിസിനസ് സാമ്രാജ്യത്തിനെതിരെ എന്തെങ്കിലും വാർത്ത വന്നാലും മാധ്യമങ്ങൾ അത് മുക്കിക്കോളും. പകലന്തിയോളം കോർപ്പറേറ്റ് വിരോധം വിളമ്പുന്നവരാണ് മലയാള മാധ്യമങ്ങളെങ്കിലും ഇവർക്ക് ഇത്തരം ചില വെട്ടിപ്പുകാരോട് പ്രത്യേക മമതയാണ്.

ഡയറക്ടറേറ്റ് ഓഫ് ജി എസ് ടി ഇന്റലിജൻസിന്റെ അന്വേഷണ സംഘം ഒന്നര വർഷത്തോളം നിരീക്ഷിച്ചാണ് കൈരളി സ്റ്റീൽസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിനെ പിടികൂടിയത്. നിരവധി വ്യാജ ബിസിനസ്സ് യൂണിറ്റുകളും വ്യാജ ബില്ലുകളും സൃഷ്ടിച്ച് ഇന്പുട് ടാക്സ് നേടിയെടുത്താണ് 43 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത്. 400 കോടിയുടെ വ്യാജ ബില്ലുകളാണ് തട്ടിപ്പിനുവേണ്ടി ഉണ്ടാക്കിയത്. ഡി ജി ജി ഐ യുടെ തിരുവനന്തപുരം കൊച്ചി കോഴിക്കോട് യൂണിറ്റുകൾ സമാന്തരമായി ഹുമയൂണിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡുകളിലാണ് കോടിക്കണക്കിനു രൂപയുടെ നികുതി വെട്ടിപ്പ് തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തത്. 2017 ലെ സി ജി എസ് ടി ആക്ടനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്സെടുത്തു. കോടതിയിൽ ഹാജരാക്കിയ ഹുമയൂണിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഡയറക്ടറേറ്റ് ഓഫ് ജി എസ് ടി ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റ് വാർത്താക്കുറിപ്പിലൂടെയാണ് പരിശോധനയുടെയും മറ്റ് നടപടിക്രമങ്ങളുടെയും വിശദാംശങ്ങൾ അറിയിച്ചത്. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം മാധ്യമങ്ങളും ഈ വാർത്ത മുക്കുകയോ പ്രാധാന്യമില്ലാത്ത രീതിയിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തു. മിക്ക ടെലിവിഷൻ മാധ്യമങ്ങളുടെയും ശ്രദ്ധേയമായ പ്രോഗ്രാമുകളുടെ സ്പോൺസറാണ് കൈരളി സ്റ്റീൽസ്. അച്ചടി മാധ്യമങ്ങളിലും വ്യക്തമായ സ്വാധീനമുണ്ട്. മോഹൻലാലിനെ പോലുള്ള നടന്മാരെ അംബാസിഡർമാരായി ഉപയോഗിക്കുമ്പോൾ സംരംഭം കൂടുതൽ ജനകീയമാകുന്നു. എന്നാൽ നികുതി വെട്ടിപ്പ് ഇത്തരം സ്ഥാപനങ്ങളുടെ മുഖ്യ വരുമാനം കൂടിയാവുകയാണ്. അംബാനിയെയും അദാനിയേയും അകാരണമായി വിമർശിക്കുകയും കോർപറേറ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ ഇത്തരം തട്ടിപ്പുകാരോട് വാർത്തകൾ മുക്കി സമരസപ്പെടുകയാണ്.

Related Articles

Latest Articles