കൽപ്പാത്തി : വൈദീക കാലഘട്ടം മുതൽ നാടിന്റെ നാഡീ ഞരമ്പുകളിൽ അലിഞ്ഞു ചേർന്ന ഉത്സവലഹരിയായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് രണ്ടാം നാൾ. കോവിഡ് മഹാമാരിയുടെ നിഴലുകൾ നീങ്ങി മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് അഗ്രഹാരങ്ങളിൽ ഉത്സവാരവങ്ങളെത്തുന്നത്. രഥോത്സവത്തിൻറെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ മിഴിതുറക്കാൻ ടീം തത്വമയിയും തയ്യാറാണ്.
ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവമാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്.
പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി, പരമ്പരാഗതമായി തന്നെ തമിഴ് ബ്രാഹ്മണരുടെ ഒരു ആവാസകേന്ദ്രമാണ്. കല്‍പ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന എഴുന്നൂറു വര്‍ഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രമാണ് ഉത്സവാഘോഷങ്ങളുടെ കേന്ദ്രം. മലബാര്‍ മദ്രാസ് പ്രവിശ്യക്കു കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കല്‍പ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം.
ഇന്നലെ ആരംഭിച്ച രഥോത്സവം ബുധനാഴ്ചയാണ് അവസാനിക്കുന്നത്. ഒന്നാം ദിനത്തിൽ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളിൽ രാവിലെ പത്തോടെ ദേവതകളെ പ്രതിഷ്ഠിച്ചു. തുടർന്ന് പ്രയാണം ആരംഭിച്ചു. വലിയ രഥം തള്ളുന്നതിന് ആനയുടെ സഹായമുണ്ടായിരുന്നു. പകൽ പുതിയ കൽപ്പാത്തി മന്തക്കര ക്ഷേത്രംവരെ പോയി തിരികെ വൈകിട്ട് അച്ചൻപടിയിൽ ആദ്യദിന പ്രയാണം അവസാനിപ്പിച്ചു.
ഇന്ന് ചാത്തപുരം വഴി പഴയ കൽപ്പാത്തിയിൽ അവസാനിക്കും. മൂന്നാംദിനം പഴയ കൽപ്പാത്തിയിൽനിന്ന് ആരംഭിച്ച് പുതിയ കൽപ്പാത്തി തേര്മുട്ടിയിൽ അവസാനിക്കും.
രണ്ടാംദിനത്തിൽ മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥം പ്രയാണത്തിനിറങ്ങും. മൂന്നാംദിനത്തിൽ പുതിയ കൽപ്പാത്തി തേര്മുട്ടിയിലെത്തി തിരികെപോകും. ബുധൻ വൈകിട്ട് ആറിനാണ് രഥസംഗമം. ഹരിതചട്ടം പാലിച്ചാണ് രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പാലക്കാട് ഡിവിഷനുപുറമെ മറ്റ് ഡിവിഷനുകളിൽനിന്നും റിസർവ് പൊലീസിൽനിന്നുമുള്ള 350 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രഥോത്സവത്തിന്റെ തത്സമയ കാഴ്ചകൾക്കായി തത്വമയി നെറ്റ് വർക്കും തയ്യാറാണ്. തത്സമയ കാഴ്ചകൾക്കായി bit.ly/3Gnvbys ഈ ലിങ്കിൽ പ്രവേശിക്കുക.

