Saturday, May 11, 2024
spot_img

‘ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരിച്ചുപിടിച്ചത് യോഗയിലൂടെ…’ വൈറലായി കങ്കണയുടെ കുറിപ്പ്

ആസിഡ് ആക്രമണത്തിന് ഇരയായ തന്റെ സഹോദരി ജീവിതത്തിലേക്ക് തിരിച്ചു വന്നത് യോഗയിലൂടെയാണെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. സഹോദരി രംഗോലിയും തന്റെ കുടുംബം മുഴുവനും യോഗയിലൂടെയാണ് കരകയറിയതെന്നാണ് കങ്കണ വ്യക്തമാക്കുന്നത്.

‘രംഗോലിയുടേത് വളരെ പ്രചോദനം തരുന്ന യോഗാ അനുഭവമാണ്. അവള്‍ക്ക് 21 ആകുന്നതേ ഉണ്ടായിരുന്നുള്ളു, ആ സമയത്താണ് വഴിയില്‍ എന്നും കാണുന്ന ഒരു പൂവാലന്‍ അവളുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. മുഖത്തിന്റെ ഒരു ഭാഗം വെന്ത് പൊള്ളി വികൃതമായി. ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായി, ഒരു ചെവി ഉരുകി പോയിരുന്നു. ഒരു മാറിടത്തിന് നിരവധി ക്ഷതങ്ങള്‍ പറ്റി. മൂന്ന് വര്‍ഷം കൊണ്ട് അവള്‍ കടന്നു പോയത് 53 ശസ്ത്രക്രിയകളിലൂടെയാണ്. എന്റെ ഏറ്റവും വലിയ ആശങ്ക അവളുടെ മാനസികാരോഗ്യത്തെ കുറിച്ചായിരുന്നു. കാരണം അവള്‍ സംസാരിക്കുന്നതൊക്കെ നന്നേ കുറഞ്ഞിരുന്നു.’ കങ്കണ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘എന്ത് സംഭവിച്ചാലും ഒന്നുമിണ്ടാതെ തുറിച്ചു നോക്കി ഒരേയിരിപ്പ് ഇരിക്കും. ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ആസിഡ് ആക്രമണത്തിന് ശേഷം അയാളെ ആ വഴിക്കുപോലും കണ്ടിട്ടില്ല. എന്നിട്ടും അവളൊന്ന് കരയുകപോലും ചെയ്തില്ല. അവള്‍ സംഭവിച്ച ദുരന്തത്തിന്റെ ഷോക്കിലാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടിയിട്ടും മരുന്നുകള്‍ കഴിച്ചിട്ടും അവള്‍ക്ക് മാറ്റമൊന്നുമുണ്ടായില്ല.’ ആ സമയത്ത് തനിക്ക് പത്തൊന്‍പത് വയസ്സ് മാത്രമായിരുന്നു പ്രായമെന്നും എന്നാല്‍ സഹോദരിയെ സഹായിക്കണമെന്ന് വളരെ ആഗ്രഹിച്ചെന്നും താരം കുറിക്കുന്നു.

‘അവള്‍ എന്നോട് വീണ്ടും പഴയപോലെ സംസാരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാനവളെ എനിക്കൊപ്പം യോഗാ ക്ലാസില്‍ കൊണ്ടുപോയിത്തുടങ്ങി. പിന്നീട് അവളില്‍ വലിയ മാറ്റമാണ് കണ്ടുതുടങ്ങിയത്. സംസാരിച്ചു തുടങ്ങി, ചിരിക്കാന്‍ തുടങ്ങി. കാഴ്ച മങ്ങിയ കണ്ണ് സുഖമായിത്തുടങ്ങി’ തുടര്‍ന്ന് തന്റെ അച്ഛനും അമ്മയും സഹോദരന്‍ അക്ഷതും സഹോദര ഭാര്യ റിതുവും യോഗയുടെ ഭാഗമായെന്നും കങ്കണ കുറിച്ചു. സഹോദരിയുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles