കൊച്ചി: കണ്ണൂര്‍ വി.സി നിയമനം ചോദ്യംചെയ്ത് നല്‍കിയ അപ്പീലില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍കക്ഷിക്കും നോട്ടീസ് നല്‍കും. ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം തടയണമെന്നാവശ്യപ്പെട്ടു സെനറ്റ്,അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളാണ് അപ്പീല്‍ ഹരജിയുമായി ഡിവീഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ ഇവര്‍ അപ്പീല്‍ നല്‍കിയത്.
അതേസമയം കണ്ണൂർ സർവകലാശാലയിലെ മുൻ വിസി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് കത്തെഴുതിയത് വഴി നിയമ ലംഘനം നടത്തിയ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്ആർസിയിൽ ശമ്പളം നൽകാനാകാത്ത സർക്കാർ കെ റെയിൽ നടപ്പാക്കാൻ പോകുകയാണെന്നും കെഎസ്ആർടിസിയെ അടച്ച് പൂട്ടാനാണ് സർക്കാർ ശ്രമമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

