തിരുവനന്തപുരം: കരകുളം ഇരട്ടകൊലക്കേസിലെ മുഖ്യസാക്ഷി പ്രതികളിൽ നിന്നുമുള്ള വധഭീഷണി നേരിടുന്നതായി പരാതി. ശ്യാം- പ്രവീണ്‍ എന്നീ യുവാക്കളെ കരകുളത്ത് വച്ച് വെട്ടികൊന്ന കേസിലെ മുഖ്യസാക്ഷി സുധീഷാണ് പ്രതികളിൽ നിന്നും വധ ഭീഷണി നേരിടുന്നതായി പരാതി നൽകിയത്. ഇതേ തുടർന്ന് ജോലിക്ക് പോലും പോകാൻ കഴിയാതെ ഒളിവിൽ കഴിയുകയാണ് സുധീഷേന്നാണ് ഒരു മുഘ്യധാരാ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമിനെയും സുഹൃത്ത് പ്രവീണിനെയും അക്രമിസംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പിന്നാലെ സുഹൃത്തുക്കളായ സുധീഷും ദിനുവും മറ്റൊരു ബൈക്കിൽ പോവുകയായിരുന്നു. സുധീഷിന്റെ മുന്നിൽ വച്ചാണ് സുഹൃത്തുക്കളെ വെട്ടികൊലപ്പെടുത്തിയത്. ഒരു ബൈക്ക് വാങ്ങിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത്.
പ്രിൻസ്, രതീഷ്, സച്ചു തുടങ്ങിയ നിരവധിക്കേസിലെ പ്രതികൾ കൂടിയായ 14 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരട്ടകൊലക്കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുഖ്യസാക്ഷിയെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പോലീസ് സ്റ്റേഷൻ പരാതി നൽകിയാൽ അപ്പോള്‍ പ്രതികള്‍ക്ക് വാർത്ത ചോർന്നുകിട്ടുമെന്നാണ് പ്രോസിക്യൂഷൻ സാക്ഷിയുടെ പരാതി. പുറത്തിറങ്ങിയാൽ ജീവൻ നഷ്ടമാകുന്ന സാഹചര്യം ചൂണ്ടികാട്ടി എഡിജിപിക്കും റൂറൽ എസ്പിക്കും പരാതി നൽകിയിട്ടും ഇതുവരെ ആരുടെ ഭാഗത്ത് നിന്നുംനടപടിയൊന്നും ഉണ്ടായില്ലെന്നും സുധീഷ് പറയുന്നതായി ഒരു മുഘ്യധാരാ മാധ്യമം റിപ്പോർട്ട് ചെയ്തു.

