ദില്ലി ; കാര്‍ഗില്‍ യുദ്ധവീരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ പശ്ചിമ എയര്‍ കമാന്‍ഡിന്‍റെ മേധാവിയായി നിയമിച്ചു. നിലവില്‍ കിഴക്കന്‍ എയര്‍ കമാന്‍ഡിന്‍റെ മേധാവിയാണ് രഘുനാഥ് നമ്പ്യാര്‍. വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ വരെയുള്ള മേഖല ഉള്‍പ്പെടുന്നതാണ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പശ്ചിമ എയര്‍ കമാന്‍ഡ്. ഇന്ത്യന്‍ വ്യോമസേനയുടെ ആകെയുള്ള ബേസ് സ്റ്റേഷനുകളില്‍ നാല്‍പ്പത് ശതമാനവും പശ്ചിമ എയര്‍ കമാന്‍ഡിന് കീഴിലാണ്.

കാര്‍ഗില്‍ യുദ്ധത്തിനിടെ അഞ്ചോളം പാകിസ്ഥാന്‍ പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്ത സംഭവത്തോടെയാണ് ര​ഘുനാഥ് നമ്പ്യാര്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ശ്രദ്ധ നേടിയത്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ്-2000 യുദ്ധവിമാനം ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ പറപ്പിച്ചതിന്‍റെ റെക്കോര്‍ഡും ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ പേരിലാണ്.

ആകെ 5100 മണിക്കൂറോളം യുദ്ധവിമാനങ്ങള്‍ പറത്തിയ പരിചയമുള്ള എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ അതില്‍ 2300 മണിക്കൂറും മിറാഷ് 2000 യുദ്ധവിമാനങ്ങളിലാണ് ചിലവിട്ടത്. കാര്‍ഗില്‍ യുദ്ധകാലത്ത് മിറാഷ് 2000 സ്വക്രോഡിനെ നയിച്ച അദ്ദേഹം 25-ഓളം ഓപ്പറേഷനുകളില്‍ പങ്കാളിയായിരുന്നു.