ബംഗളൂരു: വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജി വിശാല ബെഞ്ചിന് വിട്ട് കര്‍ണാടക (High Court) ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സഹായകരമായ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഹർജിക്കാര്‍ക്കു വേണ്ടി ഹാജരായ സഞ്ജയ് ഹെഗ്‌ഡെ, ദേവദത്ത് കാമത്ത് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല.
ഹിജാബ് യൂണിഫോമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. കോളജ് അധികൃതര്‍ നിര്‍ദേശിക്കുന്ന യൂണിഫോമിലാണ് വിദ്യാര്‍ത്ഥികള്‍ വരേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അതേസമയം കര്‍ണാടകയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നിലനില്‍ക്കേ ശിവമൊഗ്ഗയിലും ദാവന്‍കരയിലും വീണ്ടും പ്രതിഷേധ റാലികള്‍ക്ക് ഒത്തുകൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിച്ച് നഗരത്തിലൂടെ റാലിക്ക് ആഹ്വാനം നല്‍കിയിരുന്നു. സംഘങ്ങളായി തിരിഞ്ഞ് ഒത്തുകൂടിയവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഹൈസ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്.

