ശ്രീനഗർ: ജമ്മുകശ്മീരിലെ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വിവിധ മേഖലകളിലായാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സിർഹാമ മേഖല, കുൽഗാമിലെ ഡിഎച്ച് പോരയിലുള്ള ചക്കി സമദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഈ മേഖലകളിൽ ഭീകരർക്കെതിരെയുള്ള പ്രതിരോധം സൈന്യം ശക്തമാക്കിയിരിക്കുകയാണ്.
ഇതിനിടെ അനന്ത്നാഗിൽ ലഷ്കർ-ഇ-ത്വയ്ബ ഭീകരനും കുൽഗാമിൽ ജെയ്ഷെ ഭീകരനും സൈന്യത്തിന്റെ പിടിയിലായി. കശ്മീർ ഐജിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. അനന്ത്നാഗിലെ സിർഹാമയിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് കശ്മീരിലെ വിവിധയിടങ്ങളിൽ ഒരേസമയം ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. നിലവിൽ ഈ പ്രദേശങ്ങളെല്ലാം സൈന്യം വളഞ്ഞിരിക്കുകയാണെന്നും സംഘർഷം തുടരുകയാണെന്നും കശ്മീർ പോലീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ബുധനാഴ്ച പുൽവാമയിലെ ത്രാൽ പ്രദേശത്ത് വച്ച് നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അൽ-ഖ്വായ്ദയുടെ കശ്മീർ ഘടകമായ അൻസാർ ഘാസ്വത്തുൾ ഹിന്ദിലെയും ലഷ്കറിന്റെയും ഭീകരരാണ് കൊല്ലപ്പെട്ടത്.

