Wednesday, May 8, 2024
spot_img

നിങ്ങളെ പോലുള്ള ജീവനക്കാരുള്ളത് കൊണ്ടാണ് കെഎസ്ആര്‍ടിസി ഈ അവസ്ഥയില്‍ ആയതെന്ന് അറിയാതെ ഞാന്‍ പറഞ്ഞുപോയി! ഒഴിഞ്ഞുമാറിയിട്ടും കൂട്ടമായെത്തി തല്ലി; മകളുടെ മുന്നിലിട്ടായിരുന്നു മര്‍ദനം; കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മര്‍ദനമേറ്റയാള്‍ക്ക് പറയാനുള്ളത് ഇത്…

കാട്ടാക്കട: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മര്‍ദനമേറ്റ പിതാവ്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായതെന്നും സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയിരുന്നെന്നും പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

‘രാവിലെ 11 മണിയോടെയാണ് മകളുടെ ബസ് കണ്‍സഷന്‍ റെന്യൂ ചെയ്യാന്‍ വേണ്ടി ഡിപ്പോയില്‍ എത്തുന്നത്. പഴയ കണ്‍സഷനും ഫോട്ടോയും ആദ്യം കാണിച്ചു. പക്ഷേ ഇത് റിന്യു ചെയ്യാന്‍ പറ്റില്ലെന്നും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നും അവര്‍ പറഞ്ഞു. മൂന്നുമാസം മുന്‍പ് സര്‍ട്ടിഫിക്കറ്റ് കൊടുത്താണ് കണ്‍സെഷനെടുത്തത്. വീണ്ടും കൊടുക്കണോ എന്നതായിരുന്നു സംശയം. പക്ഷേ അതില്ലാതെ കണ്‍സെഷന്‍ തരില്ലെന്ന് അവര്‍ പറഞ്ഞു.

നിങ്ങളെ പോലുള്ള ജീവനക്കാരുള്ളത് കൊണ്ടാണ് കെഎസ്ആര്‍ടിസി ഈ അവസ്ഥയില്‍ ആയതെന്ന് അറിയാതെ ഞാന്‍ പറഞ്ഞുപോയി. അതെന്റെ വീഴ്ചയാണ്. പക്ഷേ ഇത് കേട്ട് ഇഷ്ടപ്പെടാതെയാണ് ഒരാള്‍ ആദ്യം ദേഷ്യപ്പെട്ടത്. പലതവണ കയ്യില്‍ തട്ടി തട്ടി വന്നെങ്കിലും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. മക്കളുണ്ടല്ലോ കൂടെ എന്നോര്‍ത്തു. ആ സമയത്താണ് സെക്യൂരിറ്റിക്കാരന്‍ വന്ന് പിടിച്ചതും തല്ലിയതും. ഉടനെ മൂന്നാല് പേര്‍ ചേര്‍ന്ന് തൊട്ടടുത്ത റൂമിലേക്ക് എന്നെ കൊണ്ടുപോയാണ് മർദിച്ചു. ചുമരില്‍ ചേര്‍ത്ത് നിര്‍ത്തിയാണ് നെഞ്ചില്‍ ഇടിച്ചത്. മകളും കരഞ്ഞ് ബഹളം വെച്ചു’. മര്‍ദനത്തിനിരയായ പ്രേമന്‍ വ്യക്തമാക്കി.

വിഷയത്തില്‍ കെഎസ്ആര്‍ടിസി എംഡിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തന്നെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗമന്ത്രി അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടേതാണ് കെഎസ്ആര്‍ടിസി. അവരാണ് അതിന്റെ ഉടമകള്‍. അവരോട് മര്യാദയ്ക്ക് പെരുമാറേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. ഇന്നത്തെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു. ഗുരുതരമായ തെറ്റാണിത്. കണ്‍സെഷന്‍ പുതുക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ന് തന്നെ റിപ്പോര്‍ട്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles