ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കെസിഎ മുൻ കോച്ച് എം. മനു പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ. തങ്ങൾ കുട്ടികൾക്കൊപ്പമാണെന്നും മനുവിനെ സംരക്ഷിച്ചിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് വ്യക്തമാക്കി.
കെസിഎയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അതിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ല. മനുവിന്റെ പ്രവൃത്തികൾ ഒരിക്കലും ന്യായീകരിക്കുന്നില്ല. മനുവിന്റെ കോച്ചിങ് സർട്ടിഫിക്കേഷൻ റദ്ദാക്കും. ഇയാൾ പെൺകുട്ടികളുടെ മാത്രം കോച്ച് ആയിരുന്നില്ല. പുതിയ പരിശീലകർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. മനുവിനെതിരെ പരാതിവന്നപ്പോൾ കെസിഎ അന്വേഷണത്തോട് പൂർണമായും സഹകരിച്ചു.
ഇരകളോ കുടുംബാംഗങ്ങളോ കെസിഎയ്‌ക്കെതിരെ പരാതി പറയുന്നില്ല. മനുവിനെ സംരക്ഷിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്ല. ഇവിടെ, എതിർക്കുന്നവർ പല കാലങ്ങളിൽ കെ.സി.എ.യിൽനിന്ന് പലതവണയായി മാറ്റിനിർത്തപ്പെട്ടവരാണ്. കോച്ചുകൾ തമ്മിലുള്ള പ്രശ്‌നമുള്ളവരുമുണ്ട്. ഇവരാണ് ചാനലുകളിൽ കെസിഎ പ്രതിയെ സംരക്ഷിക്കുന്നു എന്ന് പറയുന്നത്.
ഇത്തരമൊരു പരാതി കെസിഎ ആദ്യമായി അറിയുന്നത് 2022-ൽ അസോസിയേഷൻ സെക്രട്ടറിയുടെ മുമ്പിലൊരു പരാതി വരുമ്പോഴാണ്. ഈ അന്വേഷണത്തോട് കെ.സി.എ അന്ന് പൂർണമായും സഹകരിച്ചിരുന്നു. മനു പെൺകുട്ടികളുടെ മാത്രം കോച്ചായിരുന്നില്ല. അതിനുശേഷം പരിശീലന സമയത്ത് രക്ഷിതാക്കളിൽ ഒരാൾ നിർബന്ധമായും ഉണ്ടാകണമെന്ന് ടി.ഡി.സി.എ നിർദേശം നൽകുകയും ചെയ്തു. സെക്യൂരിറ്റിയും ക്യാമറയുമെല്ലാം ഇവിടെ ഉണ്ട്.
ഈ ഒരു അന്വേഷണം നടക്കുന്നതിനിടയിൽ ഇപ്പോൾ പരാതി നൽകിയ കുട്ടിയും മറ്റ് പല കുട്ടികളും അവരുടെ രക്ഷിതാക്കളും നേരിട്ട് ഹാജരായി മനുവിനെ പറ്റി ഇങ്ങനെയൊരു അഭിപ്രായമില്ലെന്ന് പറഞ്ഞിരുന്നു. സെലക്ഷനുമായി ബന്ധപ്പെട്ട് മനുവിനോടുള്ള വിരോധം തീർക്കാനാണ് പരാതി നൽകിയത് എന്നായിരുന്നു അന്ന് പറഞ്ഞത്. ഇത് കഴിഞ്ഞ് മനുവിന്റെ വീട്ടിൽ പോയപ്പോൾ മനു വളരെ നിരാശനായി ഇരിക്കുന്നതാണ് കണ്ടതെന്ന് പറഞ്ഞു. ബാഗിൽ നിന്നും വിഷം ലഭിച്ചു. ഞങ്ങൾ പോയില്ലായിരുന്നേൽ അദ്ദേഹം ആത്മഹത്യ ചെയ്‌തേനെയെന്നും അവർ പറഞ്ഞു. എന്നാൽ, പോലീസ് നടപടിയിൽ കെ.സി.എയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു ഞങ്ങളുടെ നിലപാട്”- , ജയേഷ് ജോർജ് പറഞ്ഞു.
പീഡന കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെസിഎയിൽ കോച്ചാണ്. തെങ്കാശിയിൽ ടൂർണമെന്റിന് കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ കേസിൽ പ്രതിയായി റിമാന്റിലാണ്. കുട്ടികളുടെ നഗ്നചിത്രം ഇയാൾ പകർത്തിയെന്നും ആരോപണമുണ്ട്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്. ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു.ആറ് പരാതികളിലാണ് നിലവില്‍ മനുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്

