ഹാംബുര്‍ഗ്: ഐഎസ്എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുമായി സഹകരണത്തിന് ഒരുങ്ങുന്നതായി വെളിപ്പെടുത്തി ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ട് മാനേജിങ് ഡയറക്ടർ കാർസ്റ്റൻ ക്രാമൻ ആണ് ഇത്തരമൊരു സൂചന നൽകിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി ‘ അതെ ബ്ലാസ്റ്റേഴ്‌സ് ഞങ്ങളുടെ ആലോചനയിലുണ്ട് ഞങ്ങൾ തമ്മിൽ സമാനതകളുമുണ്ട്. പക്ഷെ അഭ്യൂഹങ്ങൾ വേണ്ട.’കാര്‍സ്റ്റന്‍ ക്രാമന്‍ പറഞ്ഞു.
ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഐഎസ്എല്ലിലെ മറ്റൊരു ക്ലബുമായും സഹകരണത്തിന് ബൊറൂസിയ ഡോർട്ട്മുണ്ട് ഒരുങ്ങുന്നതായാണ് സൂചന.അതേസമയം ബ്ലാസ്റ്റേഴ്സുമായി സാമ്പത്തിക പങ്കാളിത്തം ആയിരിക്കില്ല തങ്ങൾക്കുണ്ടാകുന്നതെന്നും ക്രാമർ കൂട്ടിചേർത്തു. സ്റ്റാർ ടിവിക്കാരുമായി ചർച്ച നടത്തിയപ്പോൾ അവർ ആദ്യം സംസാരിച്ചത് ബ്ലാസ്റ്റേഴ്‌സിനെ പറ്റിയാണെന്നും കാർസ്റ്റൻ ക്രാമർ പറഞ്ഞു.ഐ.എസ്.എല്ലിൽ പുതിയ സീസണ് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരുപിടി മികച്ച താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തയ്യാറെടുക്കുന്നത്.

