സേലം: സേലത്ത് കേരള എക്സൈസിന്‍റെ വന്‍ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സേലം ശ്രീനായിക്കാംപെട്ടിയിൽ സ്വകാര്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പാലക്കാട് എക്സൈസ് ഇൻറലിജൻസും എക്സൈസ് എൻഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്.
കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന സ്പിരിറ്റ് രഹസ്യമാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് കടത്തുന്ന പ്രധാന സംഘത്തെയാണ് പിടികൂടിയത്. രണ്ട് വർഷത്തിനുള്ളിൽ കേരള എക്സൈസ് സംഘം തമിഴ്നാട്ടിൽ പിടിക്കുന്ന നാലാമത്തെ കേസാണിത്.
സ്വകാര്യ ഗോഡൗണിൽ 310 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്നാണ് സൂചന. തമിഴ്‌നാട്ടിലെ ജോലിക്കാരെവച്ച് തയ്യാറാക്കുന്ന സ്പിരിറ്റ് എക്‌സൈസ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി തയ്യാറാക്കിയിട്ടുള്ളതാണെന്നും, ലൈസൻസില്ലാതെയാണ് ഈ ഗോഡൗൺ പ്രവർത്തിക്കുന്നതെന്നും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം മധ്യപ്രദേശിൽ നിന്നാണ് ഇവിടെ സ്പിരിറ്റ് എത്തിച്ചതെന്നാണ് എക്സൈസ് സംഘം പറയുന്നത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ പി.സി. സെന്തിലിൻറെ നേതൃത്യത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

