Saturday, April 20, 2024
spot_img

കേരളത്തിലെ പ്രളയ സാഹചര്യം: സഹായം വാഗ്‌ദാനം ചെയ്ത് പ്രധാനമന്ത്രി : മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് മോദി

ദില്ലി: കേരളത്തിൽ ദിവസങ്ങളായി അതിശക്തമായി പെയ്യുന്ന മഴ നാശം വിതയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ മഴയെ തുടർന്നുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നിലവിലെ കേരളത്തിലെ സാഹചര്യം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

“കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. ദുരിതബാധിതരെയും പരിക്കേറ്റവരെയും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.

നേരത്തെ എല്ലാവിധ സഹായങ്ങളും പിന്തുണയുമായി കേന്ദ്രമന്തി അമിത്ഷാ എത്തിയിരുന്നു. കേരളത്തിലെ പ്രളയ സാഹചര്യം നിരന്തരം നിരീക്ഷിച്ച്‌ വരികയാണെന്നും ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുണ്ടെന്നും അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനായി എന്‍ ഡി ആര്‍ എഫ് നിലവില്‍ സംസ്ഥാനത്തുണ്ടെന്നും അമിത് ഷാ അറിയിച്ചു.

അതേസമയം സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 10 ആയി. പ്ലാപള്ളില്‍ കാണാതായ റോഷ്‌നി, സരസമ്മ മോഹനന്‍ , സോണിയ , അലന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. കാവാലിയില്‍ നിന്ന് ആറ് മൃതദേഹങ്ങളും കിട്ടി.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു ജില്ലയിലും ജാഗ്രതാനിര്‍ദ്ദേശം ഇല്ല. എന്നാൽ സംസ്ഥാനത്ത് ബുധനാഴ്ചയോടെ വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഇത്. കിഴക്കൻ കാറ്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Latest Articles