കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രാലയം. കേരളത്തിലെത്തി പ്രളയക്കെടുതി വിലയിരുത്തിയ പ്രത്യേക സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ മറുപടി.

സംസ്ഥാന സര്‍ക്കാരിനേയും, പാര്‍ലമെന്റിനേയും മാത്രമെ റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനം അറിയിക്കേണ്ടതുള്ളു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച നിലപാട്. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും, റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികളും ലഭ്യമാക്കുവാന്‍ അഡ്വ.ഡി.ബി.ബിനുവാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പ്രളയം സംബന്ധിച്ച നിഗമനത്തിലെത്താനും, ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കേണ്ട തുക കണക്കാക്കുവാനുമാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി പറഞ്ഞത്. പ്രളയം സംബന്ധിച്ച്‌ പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 169.63 കോടി രൂപയുടെ സഹായം അനുവദിച്ചു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുവാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു