Monday, May 13, 2024
spot_img

തുല്യ നീതി ഇപ്പോഴും സാധാരണക്കാര്‍ക്ക് സ്വപ്‌നം മാത്രം; മുഖ്യന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ

തുല്യ നീതി ഇപ്പോഴും സാധാരണക്കാര്‍ക്ക് സ്വപ്‌നം മാത്രം; മുഖ്യന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ | PINARAYI VIJAYAN

തുല്യനീതി ഇപ്പോഴും സാധാരണക്കാർക്ക് സ്വപ്നം മാത്രമാണോ എന്ന് തോന്നിപ്പോകുന്നതാണ് ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ പല രീതികളും നടപടികളും. ഐ.എ.എസ് ഉദ്യോ​ഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച്‌ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രി ആന്റണി രാജുവിന്റെയും ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകളുടെ പെരുമഴ. ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടതായി അറിയിച്ചു കൊണ്ടുളള പോസ്റ്റിനു താഴെയാണ് കമന്റുകളുമായി നിരവധി പേര്‍ രം​ഗത്തെത്തിയത്.രണ്ടുപേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രണ്ട് പേരും ചെയ്തത് കൊലപാതകം, ഒരാളെ പിരിച്ചു വിട്ടു മറ്റൊരാള്‍ക്ക്‌ പ്രമോഷന്‍. അയാള്‍ക്കെന്താ കൊമ്പുണ്ടോ?, തുല്യനീതി ഇപ്പോഴും സാധാരണക്കാര്‍ക്ക് സ്വപ്‌നങ്ങള്‍ മാത്രം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. ഇതിനോടൊപ്പം സ്ത്രീപീഡന കേസുകളില്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്ക് യാതൊരു സംരക്ഷണവും നല്‍കില്ല എന്ന സന്ദേശം കേരളത്തിന് നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാറിന് ഉണ്ട് എന്നതടക്കമുളള അഭിപ്രായങ്ങളും ഇവയ്ക്കൊപ്പം പോസ്റ്റിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

ബഷീറിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്ന ജനരോഷത്തെ തുടര്‍ന്ന് വെങ്കിട്ടരാമനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. അപകടം നടന്ന് ബഷീര്‍ കൊല്ലപ്പെട്ടതിനു ശേഷം പൊലീസിന്റെ ഭാ​ഗത്തുനിന്നും വീഴ്ചകളാണ് വെങ്കിട്ടരാമന് ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കാനുളള അവസരം ഒരുക്കിയതെന്ന ആക്ഷേപം ശക്തമാണ്. ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്ന് രണ്ട് വര്‍ഷം പിന്നിടുമ്ബോഴും കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐ എ എസ് ഉദ്യോ​ഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസിൽ തിരിച്ചെടുക്കാൻ നിരവധി ശ്രമങ്ങൾ സർക്കാർ പലപ്പോഴായി നടത്തിയിരുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലനൽകിക്കൊണ്ട് ശ്രീറാമിനെ തിരിച്ചെടുക്കാനായിരുന്നു സർക്കാരിന്റെ നീക്കം. കേസിൽ പ്രാഥമിക അന്വേഷണം നടത്താനും മറ്റുനടപടികള്‍ പൂര്‍ത്തിയാക്കാനും പൊലീസ് വീഴ്ചവരുത്തുകയും അപകടശേഷം ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ശ്രീറാമിന് രക്ഷപ്പെടുവാൻ പഴുതുകളൊരുക്കിയ അതേ സർക്കാർ സംവിധാനങ്ങളുടെ പിൻതുണയോടെ കോവിഡ് ബാധയുടെ മറവിൽ ശ്രീറാമിനെ തിരിച്ചെടുക്കാൻ നീക്കങ്ങൾ നടത്തിയത്.

ജനുവരി അവസാനം ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ സസ്പെൻഷൻ മൂന്നു മാസത്തേക്കു കൂടി നീട്ടാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐഎഎസുകാരും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ചാണ് കെ എം ബഷീറിന്റെ ബൈക്കില്‍ ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ചത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ കേസിലെ ഒന്നാം പ്രതിയും കാറിന്റെ ഉടമയും അപകട സമയത്ത് കൂടെ സഞ്ചരിക്കുകയും ചെയ്ത വഫ ഫിറോസ് കേസിലെ രണ്ടാം പ്രതിയുമാണ്. തുടക്കം മുതൽക്കെ ശ്രീറാമിനെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ ഉന്നത ഇടപെടലുകൾ ഉണ്ടാകുന്നതായ ആക്ഷേപം ഇപ്പോഴും ശക്തമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles