Saturday, January 10, 2026

ഓൺലൈൻ പരീക്ഷ പ്രായോഗികമല്ല, പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം ; സത്യവാങ്‌മൂലവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ദില്ലി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ. സുപ്രീംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്‌മൂലം സമർപ്പിച്ചത്. എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യം. സംസ്ഥാനത്ത് ഓൺലെനായി പരീക്ഷ നടത്തുന്നത് ഏറെ ബുദ്ധിമുട്ടേറിയതാണ്. കമ്പ്യൂട്ടറും ഇന്റർനെറ്റും ഇല്ലാത്തത് മൂലം പല വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാനാവാത്ത സാഹചര്യം ഉണ്ടാവുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

എന്നാൽ വീടുകളിൽ ഇരുന്ന് കുട്ടികൾ എഴുതിയ മോഡൽ പരീക്ഷ മാനദണ്ഡമാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു. കേരളത്തിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ലസ് വൺ പരീക്ഷ. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. മൂന്നാം തരംഗം ഒക്ടോബറിൽ വരുമെന്നാണ് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. അതിനാൽ ഈമാസം അവസാനത്തിന് മുൻപ് പരീക്ഷ നടത്താൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ഇന്റർനെറ്റ് ലഭ്യത അടക്കം പ്രശ്നങ്ങൾ ഉള്ളതിനാൽ ചോദ്യപേപ്പർ ചോർച്ച അടക്കം തടയാൻ എഴുത്തുപരീക്ഷയാണ് അഭികാമ്യം. അതേസമയം പ്ലസ് വൺ പരീക്ഷയ്‌ക്കെതിരെയുള്ള ഹർജികൾ തള്ളണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കേസ് തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക.

Related Articles

Latest Articles