Monday, May 20, 2024
spot_img

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ വിടവാങ്ങി; നഷ്ടമായത് മനുഷ്യസ്‌നേഹത്തിന്റെ കലര്‍പ്പില്ലാത്ത പ്രതീകം

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാവയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ഇഹലോകത്തോട് വിടപറഞ്ഞത്. കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും.

ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തയുമായ അദ്ദേഹം തൃശൂര്‍ കുന്നംകുളത്താണ് ജനിച്ചത്. 1972 ല്‍ ശെമ്മാശ പട്ടം ലഭിച്ച അദ്ദേഹം 2010 നവംബര്‍ 1ന് പരുമല സെമിനാരിയില്‍ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ മലങ്കര മെത്രാപ്പൊലിത്തയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍. അശരണര്‍ക്കും നിരാലംബര്‍ക്കുമായി എന്നും കര്‍മപദ്ധതികളില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായിരുന്നു. സഭയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയതും 2011ല്‍ സഭയുടെ പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും വോട്ടകവകാശം ഏര്‍പ്പെടുത്തിയതും ബാവയുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്റെ വിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ ദുഃഖം അറിയിക്കുന്നതായി തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അറിയിച്ചു. കേരളക്കരയിലും ആഗോള വ്യാപകമായി ക്രൈസ്തവ സഭയ്ക്കും മികച്ച നേതൃത്വം നല്‍കിയ വ്യക്തിയാണ് പരിശുദ്ധ ബാവയെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles